ന്യൂഡൽഹി: അതിർത്തിയിൽ കൂടുതൽ സൈന്യത്തെ പിൻവലിക്കാനും സംഘർഷത്തിന് അയവുണ്ടാക്കാനും ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും നയതന്ത്ര-സൈനിക തലത്തിൽ കൂടുതൽ ചർച്ചകൾ നടത്തും. ജൂലായ് അഞ്ചിന് പ്രത്യേക പ്രതിനിധികളുണ്ടാക്കിയ ധാരണകൾ പൂർണമായി നടപ്പാക്കാൻ ഇന്നലെ നടന്ന സെക്രട്ടറി തല ചർച്ചയിൽ തീരുമാനിച്ചു. അടുത്തയാഴ്‌ച അതിർത്തിയിൽ കമാൻഡർമാർ തമ്മിൽ നാലാം ഘട്ട ചർച്ച നടന്നേക്കും.
പ്രത്യേക പ്രതിനിധികൾക്ക് പകരം ഇന്ത്യാ-ചൈന അതിർത്തികാര്യ ഉപദേശക, ഏകോപന പ്രവർത്തന സമിതിയുടെ 16-ാം യോഗമാണ് ഇന്നലെ ചേർന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സംഘത്തെ വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിയും ചൈനീസ് സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ അതിർത്തി വിഭാഗം ഡയറക്‌ടർ ജനറലും നയിച്ചു.
അതിർത്തിയിൽ സമാധാനം പുലരാൻ സൈനിക പിൻമാറ്റം വഴിയൊരുക്കുമെന്നും അതുവഴി ഉഭയകക്ഷി ബന്ധം സംരക്ഷിക്കാൻ കഴിയുമെന്നും ഇരുപക്ഷവും അംഗീകരിച്ചു. ഒന്നാം ഘട്ട സൈനിക പിൻമാറ്റ നടപടിയിൽ അവർ തൃപ്‌തി രേഖപ്പെടുത്തി. അടുത്തഘട്ട സൈനിക പിൻമാറ്റവും സൈനിക വിന്ന്യാസം കുറയ്‌ക്കലും സമയബന്ധിതമായി നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ സൈനിക കമാൻഡർമാർ അടുത്തയാഴ്‌ച വീണ്ടും കൂടിക്കാഴ്‌ച നടത്തും. നയതന്ത്ര ചർച്ചകളും തുടരും.
സ്ഥിതിഗതികൾ വിലയിരുത്തി രാജ്നാഥ്
ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ, നാവിക സേനാ മേധാവി അഡ്‌മിറൽ കദംബീർ സിംഗ് എന്നിവരും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വടക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യം ഗാൽവൻ താഴ്‌വര, ഹോട്ട്‌സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിൽ രണ്ടുകിലോമീറ്റർ വീതം പിൻമാറിയത് സംബന്ധിച്ച് കരസേനാ മേധാവി ജനറൽ എം.എം. നരാവനെ മന്ത്രിക്ക് വിശദമായ റിപ്പോർട്ട് നൽകി. ഇന്ത്യൻ സേനയും ആനുപാതികമായി പിൻവാങ്ങി. തത്‌ക്കാലം അതിർത്തിയിൽ പ്രകോപനങ്ങളില്ലെങ്കിലും ലഡാക്കിന് പുറമെ അരുണാചൽ, സിക്കിം, ഉത്തരാഖണ്ഡ് മേഖലകളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാണെന്നും വിശദീകരിച്ചു.
രാജ്നാഥ്-ഇസ്‌പർ ചർച്ച
യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക്ടി ഇസ്‌പറുമായി രാജ്നാഥ് സിംഗ് ഇന്നലെ ഫോൺ സംഭാഷണം നടത്തി. ചൈനീസ് അതിർത്തിയിലെ സംഘർഷം അടക്കം മേഖലയിലെ സുരക്ഷാ വിഷയങ്ങളും സൈനിക-ഉഭയകക്ഷി സഹകരണവും ചർച്ചയായി.