ന്യൂഡൽഹി: ആധുനിക ലോകക്രമത്തിൽ ഇന്ത്യയും ചൈനയും വികസന പങ്കാളികളായി തുടരേണ്ടതുണ്ടെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സൺ വെയ്‌ദോംഗ്. തർക്കങ്ങൾ പരിഹരിക്കുന്നതുവരെ ചർച്ചകൾ തുടരണമെന്ന് പറഞ്ഞ അംബാസഡർ ചൈനീസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സൂചിപ്പിച്ചു. ചൈനീസ് യൂട്യൂബ് ചാനലിൽ 18 മിനിട്ട് വീഡിയോ സന്ദേശമായാണ് അംബാസഡറുടെ പ്രസ്‌താവന വന്നത്.
അതിർത്തി സംഘർഷത്തെ തുടർന്ന് ചൈനയെ ശത്രുവായും ഭീഷണിയായും ചിത്രീകരിക്കുന്ന സാഹചര്യമുണ്ട്. അതു നല്ല കീഴ്‌വഴക്കമല്ല. പഞ്ചശീല തത്വങ്ങളിൽ അടിസ്ഥാനമാക്കിയ വിദേശനയങ്ങളാണ് ഇന്ത്യയും ചൈനയും അനുവർത്തിക്കുന്നത്. ഉഭയകക്ഷി ബന്ധത്തിൽ അടക്കം തുറന്ന സമീപനത്തോടെ സമീപിച്ചെങ്കിലേ പിഴവുകളില്ലാതെ മുന്നോട്ടു പോകാനാകൂ. സമാധാനത്തിന്റെ പാതയാണ് നല്ലത്. തർക്കങ്ങൾ ആർക്കും ഗുണം ചെയ്യില്ല. അതിർത്തി വിഷയത്തിൽ രമ്യമായ പരിഹാരമുണ്ടാകും വരെ ചർച്ച തുടരണം. ഇരുപക്ഷവും തുല്യരായി പരിഗണിച്ച് പരസ്‌പരം ബഹുമാനിക്കുകയും വിശ്വാസം നേടുകയും വേണം. സമാന താത്‌പര്യങ്ങളും വലിയ ആശങ്കകളും മനസിലാക്കി പരസ്‌പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കണമെന്നും വെയ്‌ദോംഗ് പറഞ്ഞു.
രണ്ടു രാജ്യങ്ങൾക്കും വിപുലമായ വിപണി സാദ്ധ്യതകളുണ്ട്. ഏറെക്കാലമായി ചൈന ഇന്ത്യയുടെ വലിയ ബിസിനസ് പങ്കാളിയാണ്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ 800 കോടി ഡോളർ നിക്ഷേപമുണ്ട്. ഇന്ത്യൻ വിപണിയിൽ ചൈനീസ് നിർമ്മിത സാധനങ്ങൾക്കുള്ള വിലക്ക് ഇന്ത്യൻ ഉപഭോക്‌താക്കളുടെയും ചൈനീസ് കമ്പനികളുടെയും അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെയും താത്പര്യത്തിന് എതിരാണ്.
ഒത്തുതീർപ്പുകളിലൂടെയും ഭിന്നതകൾ പരിഹരിച്ചും ഇന്ത്യാ-ചൈനാ ബന്ധം പൂർവ്വസ്ഥിതിയിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് സീ ജിൻപിംഗും തമ്മിൽ നടത്തിയ ചർച്ചകൾ സൂചിപ്പിച്ച് വെയ്‌ദോംഗ് പറഞ്ഞു. ഇരു രാജ്യങ്ങളും എതിരാളികളായല്ല, പങ്കാളികളായാണ് നിലനിൽക്കേണ്ടത്. നയതന്ത്ര ബന്ധം 70 വർഷം പിന്നിട്ട സമയത്ത് തർക്കങ്ങൾക്കു പകരം സമാധാനം ഉറപ്പാക്കണം. ബന്ധത്തെ പിന്നോട്ടടിപ്പിക്കുന്ന, ഇരു പക്ഷത്തിനും നേട്ടമില്ലാത്ത നടപടികൾ അവസാനിപ്പിക്കണം. പരസ്‌പരം സംശയിക്കുന്ന അവസ്ഥ മാറി വിശ്വാസം ആർജ്ജിക്കണം. ഇരുരാജ്യങ്ങളിലെ മാദ്ധ്യമങ്ങളും ഇക്കാര്യത്തിൽ സഹകരിക്കണം.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിന് വൈകാരികവും സങ്കീർണവുമായ ചരിത്ര പശ്‌ചാത്തലമുണ്ട്. ജൂൺ 15നുണ്ടായ സംഘർഷം ഇന്ത്യയും ചൈനയും ആഗ്രഹിച്ചതല്ലെന്നും വെയ്‌ദോംഗ് സൂചിപ്പിച്ചു. ഗാൽവൻ താഴ്‌വരയിലെ സംഭവത്തിലെ തെറ്റും ശരിയും വളരെ വ്യക്തമാണ്. ചൈന പ്രകോപനം ആഗ്രഹിക്കുന്നില്ലെന്നും അതിർത്തിയിലെ ഇരു പക്ഷത്തിന്റെയും നടപടികൾ തുറന്ന മനസോടെയും സമഗ്രമായും കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടുരാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്ന കൊവിഡ് മഹാമാരിയെ നേടിടാൻ കൈകോർക്കണമെന്നും വൈറസിന് അതിർത്തികളില്ലെന്നും അംബാസഡർ പറഞ്ഞു.