ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ എട്ടുലക്ഷവും മരണം 22,000ഉം കടന്നു. പ്രതിദിനം ശരാശരി 400ലേറെ മരണം. രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിൽ നിന്ന് എട്ടുലക്ഷമെത്താൻ രണ്ടാഴ്ച മാത്രമാണെടുത്തത്. അതേസമയം 24 മണിക്കൂറിനിടയിൽ 26,506 കൊവിഡ് കേസുകളും 475 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കേസുകൾ 26,000 കടക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നതായും കൊവിഡ് മരണനിരക്ക് 2.72 ശതമാനമായി കുറഞ്ഞതായും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
മഹാരാഷ്ട്രയിൽ ഇന്നലെ 226 മരണം. ആകെ മരണം 9893. ആകെ കേസുകൾ 2.38 ലക്ഷം കടന്നു. 222 പൊലീസുകാർക്ക് കൂടി രോഗം. ആകെ 5935 പൊലീസുകാർക്കാണ് സംസ്ഥാനത്ത് രോഗബാധയുണ്ടായത്. 74 പൊലീസുകാർ മരിച്ചു.
ഡൽഹിയിൽ ഇന്നലെ 2,089 പുതിയ രോഗികളും 42 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 3,300 ആയി.
തമിഴ്‌നാട്ടിൽ 3680 പുതിയ രോഗികളും 64 മരണവും. ആകെ രോഗികൾ 1,30,000 കടന്നു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തി.
കർണാടകയിൽ ആകെ കേസുകൾ 33,000 കടന്നു. ഒരു സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ മുഖ്യമന്ത്രി യെദിയൂരപ്പ ജോലികൾ വസതിയിൽ നിന്ന് ചെയ്യാൻ തീരുമാനിച്ചു.