gold

ന്യൂഡൽഹി: വിദേശത്ത് അച്ചടിക്കുന്ന വ്യാജകറൻസി ഉപയോഗിച്ച് വാങ്ങുന്ന ആഫ്രിക്കൻ സ്വർണവും യു. എ. ഇ വഴി കേരളത്തിലേക്ക് കടത്തുന്നു എന്ന് വ്യക്തമായിരിക്കെ,​ സ്വർണക്കടത്തിന്റെ ഭീകരബന്ധത്തെ പറ്റിയുള്ള എൻ. ഐ. എയുടെ അന്വേഷണം ആഫ്രിക്കൻ സ്വർണഖനികളെ നിയന്ത്രിക്കുന്ന ഐസിസ് ഭീകരഗ്രൂപ്പിലേക്കും നീളുമെന്ന് സൂചന.

ഹവാല അടക്കമുള്ള സാമ്പത്തിക സ്രോതസുകൾ തടസപ്പെട്ടതിനാൽ ഭീകരപ്രവർത്തനത്തിന് യു.എ.ഇ വഴിയും നേരിട്ടും ഇന്ത്യയിലെത്തുന്ന ആഫ്രിക്കൻ സ്വർണം ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തേത് അടക്കം സംസ്ഥാനത്തേക്ക് സ്വർണം കടത്തുന്ന സംഘങ്ങൾക്ക് ഐസിസ് അടക്കമുള്ള ഭീകരസംഘടനകളുമായുള്ള ബന്ധമാണ് എൻ.ഐ.ഐ അന്വേഷിക്കുക.

കുടിൽ വ്യവസായം പോലെ സ്വർണഖനനം നടക്കുന്ന

ബുർക്കിനോഫാസ, നൈജർ, മാലി തുടങ്ങിയ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മദ്ധേഷ്യയിൽ നിന്ന് പ്രവർത്തനം മാറ്റിയ ഐസിസിന്റെയും അൽക്വ ഇദ അടക്കമുള്ള ഭീകര സംഘടനകളുടെയും നേതൃത്വത്തിലാണ് സ്വർണക്കടത്ത്.

2012ൽ സ്വർണ ഖനനം തുടങ്ങിയ ഈ രാജ്യങ്ങളിൽ 2016ലാണ് ഭീകരസംഘടനകൾ ചുവടുറപ്പിച്ചത്. ആഫിക്കൻ രാജ്യങ്ങളിലെ കുത്തഴിഞ്ഞ സർക്കാർ സംവിധാനങ്ങൾ മുതലെടുത്ത് പ്രാദേശിക ഗുണ്ടാസംഘങ്ങൾ നിയന്ത്രിച്ചിരുന്ന ഖനികളും സ്വർണവ്യാപാരവും കടത്തും അവരുടെ കീഴിലായി. മാലിയിൽ സ്വർണക്കടത്തിൽ നിന്നുള്ള നികുതിയുടെ ഒരു ഭാഗം ഭീകരസംഘടനകൾ സർക്കാരിൽ നിന്ന് ഭീഷണിപ്പെടുത്തി വാങ്ങുന്നു. ആയുധങ്ങൾ വാങ്ങാനും ഭീകരപ്രവർത്തനങ്ങൾ നടത്താനുമുള്ള പണമുണ്ടാക്കുന്നത് ഇങ്ങനെയാണ്. ബുർക്കിനോഫാസയിൽ ഖനനം ചെയ്തെടുക്കുന്ന സ്വർണം നികുതി വെട്ടിക്കാൻ അയൽ രാജ്യമായ ടോഗോ വഴി യു.എ.ഇ, സൗദി, സ്വിറ്റ്‌സർലൻഡ്, ടർക്കി എന്നിവയ്‌ക്കു പുറമെ ഇന്ത്യയിലേക്കും നേരിട്ട് കടത്തുന്നതും ഭീകരസംഘടനകളുടെ ശൃംഖല വഴിയാണ്.

കോംഗോ, സൊമാലിയ, സുഡാൻ, ഘാന, ടാൻസാനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സ്വർണബാറുകൾ യു.എ.ഇയിൽ എത്തിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. ഉഗാണ്ടയിലെ ഖനിയിൽ നിന്ന് ആഴ്ചയിൽ 700കിലോ സ്വ‌ർണം യു.എ.ഇയിലേക്ക് കയറ്റി അയയ്ക്കുന്ന ഇന്ത്യക്കാരനെ ഡി.ആ‌ർ.ഐ കണ്ടെത്തിയിരുന്നു. കുഴിച്ചെടുക്കുന്ന രൂപത്തിലും അസംസ്‌കൃത ബാറുകളാക്കിയും യു.എ.ഇയിലെത്തിച്ച് ശുദ്ധീകരിച്ചും രൂപം മാറ്റിയുമാണ് കേരളത്തിലേക്ക് കടത്തുന്നത്.

ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, സിംഗപ്പൂ‌‌ർ എന്നിവിടങ്ങളിലേക്കും സ്വ‌ർണമൊഴുക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള കടത്തിന്റെ ഇടത്താവളങ്ങളാണ് ഈ രാജ്യങ്ങൾ.

ബുക്കിനോഫാസ, നൈജർ, മാലി:

 പ്രതിവർഷ ഖനനം 3.4കോടി ഡോളറിന്റെ 700 കിലോ സ്വർണം

 ബുർക്കിനോ ഫാസയിൽ 2200 സ്വർണഖനികൾ, 200 കോടി ഡോളർ സ്വർണ ബിസിനസ്

 അനധികൃത ഖനികളിൽ (പ്രാദേശിക ഭാഷയിൽ സമാ സമാ) നിന്ന് നാട്ടുകാർ അയിര് ശേഖരിച്ച് ശുദ്ധീകരിക്കുന്നു

 അനധികൃത ഖനികളിലെ സ്വർണവും കയറ്റുമതി ഏജൻസികൾ വാങ്ങും.

സ്വർണക്കവാടം യു.എ.ഇ

 ഇറക്കുമതി ചട്ടങ്ങളിലെ ഇളവ് മൂലം ആഫ്രിക്കൻ സ്വർണം വൻ തോതിൽ ഇറക്കുമതി ചെയ്യുന്നത് യു.എ.ഇയിലേക്ക്. യു.എസിലേക്കടക്കം യു.എ.ഇയിൽ നിന്നാണ് പോകുക.