a

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുതിപ്പ് തുടരുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇതാദ്യമായി 27,​000 കടന്നു. 24 മണിക്കൂറിനിടെ 27,​114 പുതിയ രോഗികൾ. 519 മരണം. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം തുടർച്ചയായി ഉയരുകയാണ്. ആകെ കൊവിഡ് ബാധിതർ 8.45 ലക്ഷം കടന്നു. മരണം 22,​500.

തുടർച്ചയായി പ്രതിദിന രോഗികളുടെ എണ്ണം കാൽലക്ഷം കടക്കുന്നത് അതീവ ആശങ്കയുയർത്തുന്നതിനിടെ രാജ്യത്തെ കൊവിഡ് സ്ഥിതി പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. യോഗത്തിൽ കേന്ദ്രആരോഗ്യമന്ത്രി ഹർഷ വർദ്ധൻ, കാബിനറ്റ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. ഡൽഹിയിലെ കൊവിഡ് സാഹചര്യം നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന, പ്രാദേശിക അതോറിറ്റികൾ കൂട്ടായി നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

 രാജ്യത്തെ രോഗമുക്തി നിരക്ക് 62.78 ശതമാനമായി ഉയർന്നു. ആകെ രോഗമുക്തി നേടിയവവർ അഞ്ചുലക്ഷം കടന്നു. രോഗമുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 2,31,​978 ആയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

 തമിഴ്‌നാട്ടിൽ 3965 പുതിയ രോഗികളും 69 മരണവും. ആകെ കേസുകൾ1.34 ലക്ഷം.

 കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവകലാശാലകളിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഇന്റേണൽ മാർക്കിന്റെയും മുൻകാല പരീക്ഷകളുടെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കും

 ഡൽഹിയിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതി

ഹരിയാനയിൽ 447 പുതിയ രോഗികൾ കൂടിയായതോടെ ആകെ കേസുകൾ 20000 കടന്നു

 ബിഹാറിൽ 709 പുതിയ രോഗികൾ. ആകെ കേസുകൾ 15000 കടന്നു.

 ഒഡിഷയിൽ 570 പുതിയ രോഗികളും ആറ് മരണവും.

 ആന്ധ്രയിൽ 1813 പുതിയ രോഗികളും 17 മരണവും. ആകെ കേസുകൾ 27,000 കടന്നു.

 യു.പിയിൽ 1403 പുതിയ രോഗികൾ.
 മുംബയ് മുൻസിപ്പൽ കോർപറേഷൻ അസി.മുൻസിപ്പിൽ കമ്മിഷണർ കൊവിഡ് ബാധിച്ച് മരിച്ചു

 കൊൽക്കത്തയിൽ ഏഴ് പൊലീസുകാർക്ക് കൂടി കൊവിഡ്