sachin

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള ഭിന്നത മൂലം ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം ശക്തമായതോടെ ,കോൺഗ്രസ് ഹൈക്കമാൻഡ് അനുനയ നീക്കം തുടങ്ങി. ചില സ്വതന്ത്രൻമാരടക്കം മുപ്പതോളം എം.എൽ.എമാർ സച്ചിനൊപ്പമുണ്ടെന്നാണ് സൂചന.

കോൺഗ്രസ് എം.എൽ.എമാരെ പണം നൽകി സ്വാധീനിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം ആരോപിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ട്, പൊലീസിലെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിന്റെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റിനും ചീഫ് വിപ്പ് മഹേഷ് ജോഷിക്കും പൊലീസ് നോട്ടീസയച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. കോൺഗ്രസ് എം.എൽ.എമാരെ ബന്ധപ്പെടാൻ ബി.ജെ.പി നിയോഗിച്ചവരെന്ന് ആരോപിച്ച് രണ്ട് പേരുടെ അറസ്‌റ്റിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി സച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഗെലോട്ട് ശനിയാഴ്‌ച രാത്രി വിളിച്ച അടിയന്തര മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് 12 എം.എൽ.എമാർക്കൊപ്പം ഡൽഹിയിലെത്തിയ സച്ചിൻ, ബി.ജെ.പി ക്യാമ്പിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹം ശക്തമാക്കി.

നാല് മാസം മുമ്പ് മദ്ധ്യപ്രദേശിൽ 22 എം.എൽ.എമാരെ വലിച്ച് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയ ശേഷം ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുമായി സച്ചിൻ ചർച്ച നടത്തിയെന്ന വാർത്തകളും വന്നു. തന്റെ പഴയ സഹപ്രവർത്തകനെ രാജസ്ഥാൻ മുഖ്യമന്ത്രി ഒതുക്കിയെന്നും കഴിവുള്ളവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നും സിന്ധ്യ ട്വീറ്റു ചെയ്‌തിരുന്നു. തുടർന്ന്, സച്ചിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി ഇടപെട്ടു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ദൂതുമായി ഡൽഹിയിൽ നിന്ന് അജയ് മാക്കൻ, രൺദീപ് സിംഗ് സുർജെവാല, രാജസ്ഥാന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെ എന്നിവർ ജയ്‌പൂരിലെത്തി. ഇന്ന് രാവിലെ 10.30ന് ജയ്‌പൂരിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ സച്ചിൻ പൈലറ്റിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

200 അംഗ രാജസ്ഥാൻ നിയമസഭയിൽ 107 എം.എൽ.എമാരുള്ള കോൺഗ്രസ് ആർ.എൽ.ഡി, സി.പി.എം, ബി.ടി.പി പാർട്ടികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. ബി.ജെ.പിക്ക് 72 അംഗങ്ങളുണ്ട്.