ന്യൂഡൽഹി: ഹരിയാനയിൽ ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്‌പോർട്ട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതിനായുള്ള നടപടികൾ കോളജിൽ തന്നെ പൂർത്തീകരിക്കും.പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ബിരുദം പൂർത്തിയാക്കുന്നതിനൊപ്പം പാസ്‌പോർട്ടും നൽകുന്നത്. 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ലേണിംഗ് ലൈസൻസ് അനുവദിക്കുന്നതിനും ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച 'ഹർ സിർ ഹെൽമറ്റ്' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിൽ ലിംഗാനുസൃത ഗർഭഛിദ്രങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. 2011ലെ സെൻസസ് പ്രകാരം ഹരിയാനയിൽ 1,000 പുരുഷന്മാർക്ക് 879 സ്ത്രീകളാണ് ഉള്ളത്.ദേശീയ അനുപാതമനുസരിച്ച് 61 സ്ത്രീകൾ കുറവ് (ദേശീയ അനുപാതം:1000 - 940). ഭ്രൂണഹത്യയുടെ കാര്യവും മറിച്ചല്ല. ഇവിടെയുള്ള പല ഗ്രാമങ്ങളിലും ആയിരത്തിന് അറുനൂറു സ്ത്രീകൾപോലുമില്ലാത്ത അവസ്ഥ നിലനിൽക്കുന്നു. അതിനാൽ തന്നെ പതിനെട്ട് തികഞ്ഞാൽ പഠിപ്പിക്കാൻപോലും കാത്ത് നിൽക്കാതെ പെൺകുട്ടികളെ വിവാഹം ചെയ്യിപ്പിക്കുന്ന പതിവും ഹരിയാനയിലുണ്ട്. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം നൽകിക്കൊണ്ട് മാത്രമേ ഇത്തരമൊരു സാമൂഹികാവസ്ഥയിൽ നിന്ന് കരകയറാൻ കഴിയൂ.