ന്യൂഡൽഹി: കൊടുംകുറ്റവാളി വികാസ് ദുബെ കാൺപൂരിൽ പൊലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചു. അലഹബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ശശികാന്ത് അഗർവാളാണ് കമ്മിഷൻ. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികൾ സുപ്രീംകോടതി അടക്കമുള്ള കോടതികളിലെത്തിയിരുന്നു.
ദുബെയും കൂട്ടാളികളും ബിക്രുവിൽ എട്ട് യു.പി. പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവം, ഗുണ്ടാ സംഘങ്ങളും പൊലീസും തമ്മിൽ ബന്ധം ഉണ്ടോയെന്ന കാര്യം തുടങ്ങിയവ കമ്മിഷൻ അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിതെന്നാണ് സർക്കാർ പറയുന്നത്.
കഴിഞ്ഞ ദിവസം കാൺപൂർ ഏറ്റുമുട്ടലിന്റെ വിവിധ വശങ്ങൾ അന്വേഷിക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഐ.എ.എസ് .ഉദ്യോഗസ്ഥൻ സഞ്ജയ് ഭൂസ്രെഡിയുടെ നേതൃത്വത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി ) നിയോഗിച്ചിരുന്നു.
ഏറ്റമുട്ടലിന് കാരണമായ അപകടം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബെയ്ക്കും സംഘത്തിനും എതിരെ സ്വീകരിച്ച നടപടികളുടെ സ്വഭാവം, പൊലീസുകാരുമായും സർക്കാർ ജീവനക്കാരുമായും ഗുണ്ടാസംഘത്തിന്റെ ഇടപാടുകൾ എന്നിവ പരിശോധിക്കും.
ഈ മാസം മൂന്നിനാണ് ഡി.സി.പി. അടക്കം എട്ട് പൊലീസുകാരെ വികാസ് ദുബെയും കൂട്ടാളികളും വധിച്ചത്. ഇതിന് പിന്നാലെ ഒളിവിൽപ്പോയ ദുബെയെ പിടികൂടെ കാൺപൂരിലേക്ക് കൊണ്ടു വരുന്നതിനിടെ പൊലീസ് സഞ്ചരിച്ച വാഹനം മറിയുകയും ദുബെ രക്ഷപ്പെടാൻ നോക്കിയപ്പോൾ വെടിവയ്ക്കുകയുമായിരുന്നു. ദുബെയുടെ തലയ്ക്ക് പിന്നിലാണ് വെടിയേറ്റത്. ദുബെയുടെ മൂന്നു കൂട്ടാളികളെ ഇതിന് മുമ്പ് ഏറ്റുമുട്ടലിൽ പൊലീസ് കൊലപ്പെടുത്തിയിരുന്നു.