ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അടുത്ത മാസം അവസാനം ചേരാൻ ആലോചന. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അറിയിച്ചു.
രാജ്യസഭയിലും ലോക്‌സഭയിലും സാമൂഹിക അകലം പാലിക്കൽ പ്രായോഗികമല്ലാത്തതിനാൽ അംഗങ്ങളെ പലയിടത്തായി ഇരുത്തി സമ്മേളനം നടത്താനാണ് ആലോചന. നടപടി ക്രമങ്ങളിൽ പങ്കെടുക്കേണ്ട മന്ത്രിമാരും അംഗങ്ങളും സഭയിലും മറ്റുള്ളവർ പാർലമെന്റ് സന്ദർശക ഗാലറി, സെൻട്രൽ ഹാൾ, ലൈബ്രറി, അനക്‌സിലെ ബാലയോഗി ഹാൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇരുന്ന് വീഡിയോ കോൺഫറൻസ് വഴിയും പങ്കെടുക്കുന്നതുമാണ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് എം.പിമാരുടെയും രാഷ്‌ട്രീയ കക്ഷികളുടെയും അഭിപ്രായം തേടിയിട്ടുണ്ട്.
കൊവിഡ് ലോക്ക്‌ഡൗൺ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാർച്ച് 23നാണ് ബഡ്‌ജറ്റ് സമ്മേളനം അവസാനിച്ചത്. രണ്ട് സമ്മേളനങ്ങളുടെ ഇടവേള ആറുമാസത്തിൽ കൂടരുതെന്ന ചട്ടം പാലിക്കാൻ സെപ്‌തംബർ അവസാനം വരെ സമയമുണ്ട്. സർക്കാർ കൊണ്ടുവന്ന പ്രധാന ഓർഡിനൻസുകൾ നിയമമാക്കാനും സാവകാശമുണ്ട്.