ന്യൂഡൽഹി : ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂർ രാജകുടുംബം രാജ്യത്തെ ഉന്നത നീതിപീഠത്തിന് മുമ്പിൽ നടത്തിയ ഒമ്പത് വർഷം നീണ്ട നിയമ പോരാട്ടമാണ് വിജയം കണ്ടത്. വിജയത്തിന്റെ എല്ലാ മഹത്വവും രാജകുടുംബം സമർപ്പിക്കുന്നത് പദ്മനാഭന്റെ പാദങ്ങളിലും.
ഗുരുവായൂർ മാതൃകയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണമെന്നും, ക്ഷേത്രം സംരക്ഷിത സ്മാരകമാക്കണമെന്നും ആവശ്യപ്പെട്ട് 2009 ഡിസംബർ 18നാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ
ടി.പി. സുന്ദർരാജൻ കേരള ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി നൽകിയത്. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ,ഗുരുവായൂർ ദേവസ്വം മാതൃകയിൽ സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന് ജസ്റ്റിസുമാരായ സി.എൻ.രാമചന്ദ്രൻ, കെ.സുരേന്ദ്ര മോഹൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് 2011 ജനുവരി 1ന് വിധിച്ചു. ഇതിനെതിരെ തിരുവിതാംകൂർ രാജ കുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
പോരാട്ടത്തിന്റെ
നാൾ വഴി
2011 ഏപ്രിൽ 27 - ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ സുപ്രീംകോടതിയിൽ അപ്പീൽ നൽകി
2011 മേയ് 5 - ഹൈക്കോടതി വിധിക്ക് സ്റ്റേ. നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തി വിവരം അറിയിക്കാനും ക്ഷേത്ര സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ ഏർപ്പാടാക്കാനും നിർദേശം
2011 ജൂലായ് 8 - ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി
2011 ജൂലായ് 21- നിരീക്ഷണ സമിതിക്ക് പകരം അഞ്ചംഗ വിദ്ഗ്ദ്ധ സമിതി. മൂന്നംഗ മേൽനോട്ട സമിതിയും.
2011 സെപ്തംബർ 22 - മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം അമിക്കസ് ക്യൂറി
2013 ഡിസംബർ 6 - പ്രധാന ഹർജിക്കാരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ അന്തരിച്ചു
2014 ഏപ്രിൽ 9 - മൂലം തിരുനാൾ രാമവർമ്മ കക്ഷി ചേരുന്നു
2014 ഏപ്രിൽ 15 -ക്ഷേത്രത്തിലെ 266 കിലോ സ്വർണം നഷ്ടപ്പെട്ടതായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്
2014 ഏപ്രിൽ 24 - ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഭരണ സമിതിക്ക് സുപ്രീംകോടതി നിർദ്ദേശം. തന്ത്രി, മുഖ്യ നമ്പി, ജില്ലാ ജഡ്ജി ശുപാർശ ചെയ്യുന്ന രണ്ട് അംഗങ്ങൾ എന്നിവരും സമിതിയിൽ (ഈ സമിതിയാണ് ഇപ്പോഴും ക്ഷേത്രഭരണം നിർവഹിക്കുന്നത്). ക്ഷേത്ര സ്വത്തുക്കളുടെയും മറ്റും ഓഡിറ്റിന് മുൻ സി.എ.ജി. വിനോദ് റായി.
2014 സെപ്തംബർ - വ്യക്തിപരമായ അസൗകര്യത്താൽ അമികസ് ക്യൂറി സ്ഥാനമൊഴിയാൻ ഗോപാൽ സുബ്രഹ്മണ്യൻ അനുമതി തേടി.
2014 നവംബർ - അമിക്കസ് ക്യൂറി റിപ്പോർട്ടിന് രാജകുടുംബാംഗങ്ങളുടെ എതിർവാദം
2017 ജൂലായ് 4 - ശ്രീകോവിലിലെയും മറ്റും നിയമനങ്ങൾ നടത്തുന്ന കമ്മിറ്റി ചെയർമാനായി ജസ്റ്റിസ് കെ.എസ്.പി. രാധാകൃഷ്ണനെ നിയമിച്ചു.
2018 നവംബർ 25 - അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഗോപാൽ സുബ്രഹ്മണ്യനെ ഒഴിവാക്കി.
2019 ഏപ്രിൽ 10 - വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി.