ന്യൂഡൽഹി: രാഷ്‌ട്രീയ നാടകങ്ങൾ തുടരുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് തനിക്ക് പിന്തുണ നൽകുന്ന എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി. അതേസമയം ഉടക്കി നിൽക്കുന്ന ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ ആളുകൾക്ക് ആഭ്യന്തരം അടക്കം നിർണായക വകുപ്പുകൾ നൽകണമെന്ന ഉപാധി മുന്നോട്ടുവച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് എം.എൽ.എമാരെ ബസുകളിൽ ജയ്‌പൂരിലെ റിസോർട്ടിലേക്ക് മാറ്റിയത്. സ്വതന്ത്രൻമാർ അടക്കം 104 എം.എൽ.എമാർ യോഗത്തിൽ പങ്കെടുത്തെന്നും അഞ്ച് എം.എൽ.എമാർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. ഹൈക്കമ്മാൻഡ് ആവശ്യപ്പെട്ടെങ്കിലും സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കാത്തതിൽ സച്ചിനെതിരെ കടുത്ത തീരുമാനങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലുള്ള സച്ചിനെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇടപെട്ട് നടത്തിയ ചർച്ചയിലാണ് പുതിയ ഉപാധികൾ മുന്നോട്ടുവച്ചത്. പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് തന്നെ നിലനിറുത്തണമെന്നും അനുയായികളായ നാലുപേർക്ക് ആഭ്യന്തരം, ധനകാര്യം അടക്കം പ്രമുഖ വകുപ്പുകൾ നൽകണമെന്നതുമാണ് പ്രധാന ആവശ്യങ്ങൾ. താൻ നിർദ്ദേശിക്കുന്നവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണമെന്ന ഉപാധിയുമുണ്ട്.
സച്ചിനെ മുന്നിൽ നിറുത്തി എം.എൽ.എമാരെ ബി.ജെ.പി സ്വാധീനിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഇവരെ റിസോർട്ടിലേക്ക് മാറ്റിയത്. എം.എൽ.എമാരുമായി പുറപ്പെട്ട നാലു ബസുകളിലൊന്നിൽ മുഖ്യമന്ത്രിയുമുണ്ടായിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും ഹൈക്കമ്മാൻഡ് ജയ്‌പൂരിലേക്ക് അയച്ചിരുന്നു. അതേസമയം, 72 അംഗങ്ങൾമാത്രമുള്ള ബി.ജെ.പിക്ക് മദ്ധ്യപ്രദേശിലേതു പോലെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തുക എളുപ്പമല്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിലും ബി.ജെ.പി യിലേക്കില്ലെന്നാണ് സച്ചിന്റെ ഇപ്പോഴത്തെ നിലപാട്. ജൂൺ 24ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളിൽ പിളർപ്പുണ്ടാക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.
രാജസ്ഥാനിൽ ഇന്ന് രാവിലെ വീണ്ടും നിയമസഭാ കക്ഷി യോഗം ചേരും. ഉടക്കി നിൽക്കുന്ന സച്ചിൻ പൈലറ്റിനോട് യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, രാജസ്ഥാൻ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ വിട്ടു നിൽക്കാൻ ഭാരതീയ ട്രൈബൽ പാർട്ടി തങ്ങളുടെ രണ്ട് എം.എൽ.എമാർക്ക് വിപ്പു നൽകി. പാർട്ടി നേരത്തെ ഗെലോട്ട് മന്ത്രിസഭയ്ക്ക് പിന്തുണ നൽകിയിരുന്നു
ഐടി, ഇഡി റെയ്‌ഡ്
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ പ്രതിസന്ധി നേരിടുന്ന സമയത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായികളും വ്യവസായികളുമായ രാജീവ് അറോറ, ധർമ്മേന്ദ്ര റാഥോർ എന്നിവരുടെ മുംബയ്, ജയ്‌പൂർ, കോട്ട എന്നിവിടങ്ങളിലെ വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും റെയ്ഡ് നടത്തി. ജ്വല്ലറി, ഹോട്ടൽ ബിസിനസുകളുള്ള ഇരുവർക്കുമെതിരെ നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ് നടത്തിയത്. രാജസ്ഥാൻ പൊലീസിനെ അറിയിക്കാതെയായിരുന്നു ജയ്‌പൂരിലും കോട്ടയിലും നടന്ന റെയ്‌ഡുകൾ. റെയ്ഡിനെ കോൺഗ്രസ് അപലപിച്ചു.
ഗെലോട്ടിന് ഭൂരിപക്ഷമില്ലെന്ന് സച്ചിൻ
ന്യൂഡൽഹി: മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അവകാശവാദങ്ങൾ തള്ളിയും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനും വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ്.
84 എം.എൽ.എമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ബാക്കിയുള്ളവർ തങ്ങൾക്കൊപ്പമാണെന്നും സച്ചിനൊപ്പമുള്ളവർ പറയുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലല്ല നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്. ഡൽഹിയിൽ അഞ്ജാത കേന്ദ്രത്തിൽ തുടരുന്ന സച്ചിൻ ഹൈക്കമ്മാൻഡുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും ഉപാധികൾ വച്ചിട്ടില്ലെന്നും വ്യക്തമാക്കി. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും സച്ചിൻ ക്യാമ്പ് തള്ളിയിട്ടുണ്ട്.