fl

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം കുറയ്‌ക്കാനുള്ള രണ്ടാംഘട്ട സൈനിക പിൻമാറ്റ നടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർമാരുടെ നാലാം കൂടിക്കാഴ്‌ച ഇന്ന് നടക്കും. പാംഗോഗ്, ഡെപസാംഗ് പ്രദേശങ്ങളിലെ സൈനിക പിൻമാറ്റമാകും ചർച്ചയിലെ പ്രധാന അജണ്ട.

ഇന്ത്യൻ സംഘത്തെ 14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ ചൈനീസ് സംഘത്തെയും നയിക്കുമെന്നാണ് സൂചന. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചുഷുലിലായിരിക്കും കൂടിക്കാഴ്‌ച. മെയിൽ അതിർത്തി സംഘർഷമുണ്ടായ ശേഷം ഇരുവരും മൂന്നു തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ജൂൺ 30ന് നടന്ന അവസാന കൂടിക്കാഴ്‌ചയിലെ ധാരണ പ്രകാരമാണ് ഗാൽവൻ താഴ്‌വരയിലെ പി.പി 14, ഹോട്ട്‌സ്‌പ്രിംഗ്‌- ഗോഗ്ര മേഖലകളിലെ പി.പി 15, പി.പി 17എൽ എന്നിവിടങ്ങളിലും ഇരുപക്ഷവും സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്‌യിയും തമ്മിൽ ഞായറാഴ്ച നടത്തിയ ടെലിഫോൺ ചർച്ചയും നിർണായകമായി.

പാംഗോംഗ് തടാകത്തിന് വടക്കുള്ള ഫിംഗർ നാലുമുതൽ ഫിംഗർ എട്ടുവരെയുള്ള പ്രദേശത്തും ഡെപസാംഗിലും സൈന്യത്തെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കഴിഞ്ഞ യോഗങ്ങളിൽ ചൈന അംഗീകരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഫിംഗർ നാലിൽ ചൈന സേനാ വിന്ന്യാസം കുറച്ചത് നല്ല ലക്ഷണമായി ഇന്ത്യ കാണുന്നു.