ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരിക്ഷയിൽ ഏറ്റവും കൂടുതൽ വിജയം തിരുവനന്തപുരം മേഖലയിൽ. രാജ്യത്താകെ 88.78 ശതമാനം പേർ വിജയിച്ചപ്പോൾ 97.67 ശതമാനമാണ് തിരുവനന്തപുരത്തെ വിജയം.
ഇവിടെ 35,368 പേർ പരീക്ഷയെഴുതിയതിൽ 34,545 പേർ വിജയിച്ചു. 16,862 പേർ ആൺകുട്ടികളും 17,683 പേർ പെൺകുട്ടികളുമാണ്.
മുൻവർഷങ്ങളിലും ഒന്നാമതായിരുന്ന തിരുവനന്തപുരം മേഖലയിൽ 2019ലെ വിജയശതമാനം 98.2 ആയിരുന്നു. കേരളത്തിൽ ജവഹർ നവോദയ വിദ്യാലയങ്ങളിലെ 98.7 ശതമാനം വിദ്യാർഥികളും കേന്ദ്രീയ വിദ്യാലയങ്ങളിലെ 98.62 ശതമാനം പേരും വിജയിച്ചു
കഴിഞ്ഞ തവണ മൊത്തം വിജയശതമാനം 83.40 ആയിരുന്നു.കൊവിഡ് കാരണം മെരിറ്റ് ലിസ്റ്റും തോൽവി എന്ന പരാമർശവും ഒഴിവാക്കിയാണ് ഫലപ്രഖ്യാപനം. വീണ്ടുമെഴുതേണ്ടതുണ്ട് (എസെൻഷ്യൽ റിപ്പീറ്റ്) എന്നാവും രേഖപ്പെടുത്തുക. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാൽ ഫലം മെച്ചപ്പെടുത്താം.
12 ലക്ഷത്തോളംപേർ എഴുതിയതിൽ 10.59 ലക്ഷം പേരാണ് ഉപരിപഠനത്തിന് അർഹതരായത്. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ (92.15). ആൺകുട്ടികൾ -86.19.
പ്രത്യേക മൂല്യനിർണയരീതിയിൽ 400 പേരുടെ മാർക്ക് കണക്കാക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് തീരുമാനമെടുക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.ഉച്ചയ്ക്ക് 12 മണിയോടെ ഫലപ്രഖ്യാപനമുണ്ടായെങ്കിലും വൈകിട്ട് 3.30തോടെ സൈറ്റ് തകരാറിലായി.