ഭരണത്തിന് പുതിയ സമിതിയും ഉപദേശക സമിതിയും
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അവകാശം സുപ്രീംകോടതി അംഗീകരിച്ചു. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ ഹർജിയിലാണ് തീർപ്പ്.
ഇന്ദു മൽഹോത്ര ഉൾപ്പെട്ട ബെഞ്ചിൽ ജസ്റ്റിസ് ലളിതാണ് വിധി പ്രസ്താവം നടത്തിയത്. പദ്മനാഭസ്വാമിയുടെ ദാസന്മാരാണ് തങ്ങളെന്ന രാജകുടുംബത്തിന്റെ വാദം അംഗീകരിച്ച കോടതി, കവനന്റ് ഒപ്പ് വച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് നിരീക്ഷിച്ചു.
ക്ഷേത്രത്തിന്റെ ഭരണ ചുമതലയിൽ രാജകുടുംബം നിർദേശിക്കുന്നവരെ ഉൾപ്പെടുത്തി സ്ഥിരം ഭരണ സമിതിയും, ഉപദേശക സമിതിയും രൂപീകരിക്കണം. അഞ്ചംഗങ്ങൾ ഉൾപ്പെട്ട ഭരണസമിതിയിൽ തിരുവനന്തപുരം ജില്ലാ ജഡ്ജി (ചെയർമാൻ), രാജ കുടുംബം നാമ നിർദേശം ചെയ്യുന്ന അംഗം,
സംസ്ഥാന സർക്കാർ നാമ നിർദേശം ചെയ്യുന്ന ഒരു അംഗം, കേന്ദ്ര സാംസ്കാരിക വകുപ്പ് ശുപാർശ ചെയ്യുന്ന ഒരാൾ,ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രി എന്നിവരാണുണ്ടാവുക. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിർദേശിക്കുന്ന റിട്ട. ഹൈക്കോടതി ജഡ്ജിയാവും ഉപദേശക സമിതി ചെയർമാൻ. രാജകുടുബം നിർദേശിക്കുന്ന പ്രമുഖ വ്യക്തി, ചെയർപേഴ്‌സൺ രാജകുടുംബവുമായി ചർച്ച ചെയ്ത് നിയമിക്കുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരും സമിതിയിലുണ്ടാവും.
25 കൊല്ലത്തെ
ഓഡിറ്റ് നടത്തണം
കഴിഞ്ഞ 25 കൊല്ലത്തെ വരവ് ചെലവ് ഓഡിറ്റ് നടത്തണം. ആദ്യ റിപ്പോർട്ട് ഡിസംബർ രണ്ടാം ആഴ്ചയിലും രണ്ടാമത്തെ റിപ്പോർട്ട് അടുത്ത വർഷം മാർച്ച് 31നും സമർപ്പിക്കണം. എല്ലാവർഷവും വരവ് ചെലവ് സംബന്ധിച്ച ആഡിറ്റ് അക്കൗണ്ടുകളും ബാലൻസ് ഷീറ്റുകളും സംസ്ഥാന അക്കൗണ്ടന്റ് ജനറൽ മുൻപാകെ സമർപ്പിക്കണം.
ബി നിലവറ തുറക്കൽ:
സമിതിക്ക് തീരുമാനിക്കാം
ഇതുവരെ തുറക്കാത്ത ബി നിലവറ തുറക്കുന്ന കാര്യം പുതിയ ഭരണസമിതിക്ക് തീരുമാനിക്കാം.
മറ്റ് ചുമതലകൾ
സ്വത്തുക്കളിൽ കയ്യേറ്റം ഉണ്ടെങ്കിൽ തിരിച്ചു പിടിക്കണം
അവകാശം ഇല്ലാതാവുന്നില്ല
1991 ൽ തിരുവിതാംകൂറിലെ അവസാന ഭരണാധികാരിയുടെ മരണത്തോടെ ക്ഷേത്രത്തിന്റെ നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിഗ്രഹത്തിന്മേലുള്ള കുടുംബത്തിന്റെ അവകാശത്തെ അത് ബാധിക്കില്ല.
ക്ഷേത്രം പൊതുക്ഷേത്രമായി തുടരും. രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം ക്ഷേത്രം ഭരിച്ചുവന്നത്.
താത്കാലിക സമിതി
നാല് മാസം കൂടി
കോടതി വിധി സംബന്ധിച്ച് ഹർജിക്കാർ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. അത് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ സമിതികൾ രൂപീകരിക്കണം. അതുവരെ ക്ഷേത്രഭരണം നിലവിലെ താത്കാലി സമിതിക്ക്. നാല് മാസത്തേക്ക് ഈ സമിതി തുടരും.
സന്തോഷം, ഒപ്പം നിന്നവർക്ക് നന്ദി:
തിരുവിതാംകൂർ രാജകുടുംബം
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പറഞ്ഞു. "സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു" വിധിയുടെ വിശദാംശങ്ങൾ മുഴുൻ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു.
വിധി അംഗീകരിക്കുന്നു:മന്ത്രി കടകംപള്ളി
തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീംകോടതി എന്താണോ പറയുന്നത് അത് നടപ്പിലാക്കും.