ന്യൂഡൽഹി: ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഫ്രാൻസ് കൈമാറുമെന്ന് പ്രതീക്ഷിക്കുന്ന ആറ് റാഫേൽ യുദ്ധവിമാനങ്ങളും ലഡാക്കിൽ ചൈനീസ് അതിർത്തിയിൽ വിന്യസിക്കും. മിഗ് 29, സുഖോയ് 30 വിമാനങ്ങൾക്കൊപ്പം റാഫേലും ചേരുമ്പോൾ വ്യോമസേനയ്‌ക്ക് അതിർത്തിയിൽ കരുത്ത് വർദ്ധിക്കും. റാഫേൽ വിമാനങ്ങളുടെ വിന്യാസം നാളെ ഡൽഹിയിൽ ആരംഭിക്കുന്ന കമാൻഡർതല യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് ആറ് റാഫേൽ വിമാനങ്ങൾ ഈമാസം തന്നെ ഫ്രാൻസിൽ നിന്നെത്തിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഫ്രാൻസിൽ പരിശീലനം ലഭിച്ച വ്യോമസേനാ പൈലറ്റുമാരാണ് യു.എ.ഇ വഴി അംബാലയിലെ വ്യോമസേന താവളത്തിൽ വിമാനങ്ങളെത്തിക്കുക.