ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ, ഇപ്പോൾ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ്. രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിൽ വിന്യസിച്ച യുവനേതാക്കൾക്ക് ഇപ്പോൾ കഷ്‌ടകാലം. ലോക്‌സഭാ തോൽവിയുടെ ഉത്തരവാദിത്വമേറ്റ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞ രാഹുൽ ഗാന്ധിക്കു പിന്നാലെ അദ്ദേഹത്തിന്റെ പ്രതീക്ഷയായിരുന്ന യുവ നേതാക്കൾ പാർട്ടി തന്നെ വിടുന്നതാണ് കാണുന്നത്.
മദ്ധ്യപ്രദേശിൽ സിന്ധ്യയെയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെയും ഭാവിയിൽ മുഖ്യമന്ത്രിമാരാക്കാനായിരുന്നു രാഹുലിന്റെ പദ്ധതി. എന്നാൽ മദ്ധ്യപ്രദേശിൽ കമൽനാഥ്, ദിഗ്‌വിജയ് സിംഗ്, രാജസ്ഥാനിൽ അശോക് ഗെലോട്ട് എന്നീ മുതിർന്ന നേതാക്കൾ അധികാര ലഹരിയുടെ പ്രലോഭനത്തിൽ യുവനേതാക്കൾക്ക് തടസമുണ്ടാക്കി. രണ്ടു സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെക്കാൾ മികച്ച വിജയം നേടാൻ ഇരു നേതാക്കളുടെയും സ്വാധീനം നിർണായകവുമായിരുന്നു. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത പ്രതിസന്ധികളിൽ നിന്ന് തലയൂരാൻ മദ്ധ്യപ്രദേശിൽ കമൽനാഥിനും രാജസ്ഥാനിൽ അശോക് ഗെലോട്ടിനും മുഖ്യമന്ത്രി പദം നൽകാൻ ഹൈക്കമാൻഡ് നിർബന്ധിതമായി.
മദ്ധ്യപ്രദേശിൽ പൂർണമായി അവഗണിക്കപ്പെട്ട സിന്ധ്യ ബി.ജെ.പി സഹായത്തോടെ കമൽനാഥ് സർക്കാരിനെ മറിച്ചിട്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഹൈക്കമാൻഡ് മനസിലാക്കിയത്. വൈകാതെ പാർട്ടി വിട്ട സിന്ധ്യയെ ബി.ജെ.പി രാജ്യസഭാംഗമാക്കുകയും ചെയ്‌തു.
രാജസ്ഥാനിൽ സച്ചിന് ഉപമുഖ്യമന്ത്രി പദവും പി.സി.സി അദ്ധ്യക്ഷ സ്ഥാനവും നൽകിയ ഫോർമുലയും പരാജയമായി. സച്ചിനെ ഒതുക്കാൻ ഗെലോട്ട് നടത്തിയ ശ്രമങ്ങളാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിൽ കലാശിച്ചത്. ഇവിടെയും സർക്കാരിനെ വീഴ്‌ത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. അവർക്ക് ഭൂരിപക്ഷം കുറവായതിനാൽ മദ്ധ്യപ്രദേശിലേതു പോലെ എളുപ്പമല്ലെന്നതാണ് കോൺഗ്രസിന്റെ നേട്ടം.
സോണിയാ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധി വീണ്ടും നേതൃത്വം ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് പാർട്ടിയെ സമ്മർദ്ദത്തിലാക്കി യുവനേതാക്കളും 'താപ്പാനകളായ' മുതിർന്ന നേതാക്കളും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നത്. ദേശീയ തലത്തിൽ രാഹുൽ കൊണ്ടുവന്ന പല യുവനേതാക്കളും ഇപ്പോൾ സജീവമല്ല. അതേസമയം ഇടക്കാലത്ത് നിറംമങ്ങിയ മുതിർന്ന നേതാക്കൾ ശക്തരായി തിരിച്ചു വരികയും ചെയ്‌തു.