ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് ഡൽഹി ലോധി എസ്‌റ്റേറ്റിലെ സർക്കാർ ബംഗ്ളാവ് ഒഴിയാൻ രണ്ടുമാസത്തെ സാവകാശം നൽകിയ നടപടി വിവാദത്തിൽ. ഒരു കോൺഗ്രസ് നേതാവിന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വിശദീകരണം. സാവകാശം വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നും മുൻ തീരുമാനപ്രകാരം ആഗസ്‌റ്റ് ഒന്നിന് മുമ്പ് ബംഗ്ളാവ് ഒഴിയുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഔദ്യോഗിക പദവികൾ വഹിക്കാത്ത പ്രിയങ്കയോട് വസതി ഒഴിയാൻ ജൂലായ് ഒന്നിനാണ് ആവശ്യപ്പെട്ടത്.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന രാഷ്‌ട്രീയ ഉപദേശകനായ നേതാവിന്റെ ആവശ്യപ്രകാരമാണ് പ്രിയങ്കയ്‌ക്ക് ബംഗ്ളാവിൽ രണ്ടു മാസത്തെ സാവകാശം അനുവദിച്ചതെന്ന് ഔദ്യോഗിക വസതികൾ നൽകുന്ന വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വെളിപ്പെടുത്തിയതാണ് വിവാദമായത്. ജൂലായ് നാലിന് കോൺഗ്രസ് നേതാവ് തന്നെ ഫോണിൽ വിളിച്ച് ബംഗ്ളാവ് ഏതെങ്കിലും കോൺഗ്രസ് എം.പിക്ക് അനുവദിക്കണമെന്നും അതുവഴി പ്രിയങ്കയ്‌ക്ക് ഒഴിയാൻ സാവകാശം ലഭിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് രണ്ടുമാസത്തെ സാവകാശം അനുവദിച്ചത്.
വസതിയിൽ തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രിയങ്ക പ്രതികരിച്ചു. മന്ത്രിയെ ആരെങ്കിലും വിളിച്ചെങ്കിൽ അവരുടെ താത്പര്യത്തിന് നന്ദി പറയുന്നു. പക്ഷേ, താൻ തീരുമാനം മാറ്റില്ലെന്നും ആരോടും അപേക്ഷിച്ചിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ഒരാഴ്‌ചയ്‌ക്കുള്ളിൽ വീടൊഴിയുമെന്ന് പ്രിയങ്കയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയും അറിയിച്ചു.
വീടൊഴിയാൻ പ്രിയങ്ക തീരുമാനിച്ചതാണ്. വെറുതെ വിവാദമുണ്ടാക്കുകയാണ്.വസതി കോൺഗ്രസ് എംപിക്കോ, ബി.ജെ.പി വക്താവിനോ കൊടുക്കാൻ സർക്കാരിന് അവകാശമുണ്ട്.
- കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല.
എസ്.പി.ജി സംരക്ഷണമുള്ള വ്യക്തിയെന്ന നിലയിലാണ് 1997ൽ പ്രിയങ്കയ്‌ക്ക് സർക്കാർ വസതി അനുവദിച്ചത്. കഴിഞ്ഞ നവംബറിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം പ്രിയങ്കയുടെയും എസ്.പി.ജി സംരക്ഷണം സർക്കാർ നിറുത്തലാക്കിയിരുന്നു. ഇതേ തുടർന്നാണ് ബംഗ്ളാവ് ഒഴിയണമെന്ന ഉത്തരവ് വന്നത്.