ന്യൂഡൽഹി: ജമ്മുകാശ്മീർ ബി.ജെ.പി അദ്ധ്യക്ഷൻ രവീന്ദർ റെയ്നയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കത്റയിലെ നാരായണ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാംമാധവും സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. ശ്രീനഗറിലെ ബന്ദിപൊരയിൽ ഭീകരർ കൊലപ്പെടുത്തിയ പ്രദേശിക ബി.ജെ.പി നേതാവിന്റെ കുടുംബത്തെ സന്ദർശിക്കാൻ ജൂലായ് 12ന് രവീന്ദർ റെയ്‌നയ്ക്കൊപ്പം ഇരുവരും പോയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം നീരിക്ഷണത്തിലേക്ക് മാറിയത്.
അതിനിടെ ബിഹാറിലെ ബി.ജെ.പി പാർട്ടി ആസ്ഥാനത്ത് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രാധൻ മോഹൻ ശർമ്മ, രാജേഷ് ശർമ്മ, സംസ്ഥാന ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, സംഘടനാജനറൽ സെക്രട്ടറി തുടങ്ങിയവരുൾപ്പടെ കൂടുതൽ പേർക്ക് കൊവിഡുണ്ടെന്നാണ് വാർത്തകൾ.