ന്യൂഡൽഹി: കൊവിഡ് മഹാമാരി മൂലം ചരിത്രത്തിൽ ആദ്യമായി ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ വർണ്ണപ്പകിട്ടിന് അൽപ്പം പകിട്ട് കുറയും. പതിവുപോലെ പ്രധാനമന്ത്രിയുടെ പതാകയുയർത്തലും പ്രസംഗവും നടക്കുമെങ്കിലും ചടങ്ങുകൾ ലളിതമായിരിക്കും. വി.വി.ഐപികൾ അടക്കം പങ്കെടുക്കുന്നവരുടെ എണ്ണം കുറയും.
കേന്ദ്രമന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും സൈനിക ഉദ്യോഗസ്ഥരും അടക്കമുള്ള വി.വി.ഐ.പികൾക്ക് താഴെയാണ് ഇത്തവണ ഇരിപ്പിടം ഒരുക്കുന്നത്. സാധാരണ ആയിരത്തിനടുത്ത് പ്രമുഖർ പ്രധാനമന്ത്രിയുടെ പ്രസംഗ പീഠത്തിന് സമീപത്തായി ചെങ്കോട്ടയ്‌ക്ക് മുകളിലാണ് ഇരിക്കാറ്. ഇക്കുറി നൂറിൽ താഴെ വി.വി.ഐ.പികളെ മാത്രമേ ക്ഷണിക്കൂ എന്നാണ് വിവരം. ദേശീയ പതാകയുടെ നിറമുള്ള ബലൂണുകളേന്തി ചടങ്ങിന് കൊഴുപ്പേകുന്ന സ്‌കൂൾ കുട്ടികളെയും കൊവിഡ് പ്രോട്ടോക്കോൾ പരിഗണിച്ച് ഒഴിവാക്കും. പകരം പ്രത്യേക ക്ഷണിതാക്കളായി കൊവിഡ് മുക്തി നേടിയ 1500 പേരുണ്ടാകും. ഇതിൽ 500പേർ പൊലീസുകാരായിരിക്കും.