ന്യൂഡൽഹി: പ്രിയപ്പെട്ടവരുടെ വേർപാട് മൃതിയേക്കാൾ ഭയാനകവും തീവ്രവുമാണ്. മനുഷ്യരുടേയും മൃഗങ്ങളുടേയും കാര്യത്തിൽ ഇവ സമാനമാണെന്ന് തെളിയിക്കുന്നതാണ് തമിഴ്നാട്ടിലെ മധുര പാളമേട്ടിൽ നിന്നുള്ള കാഴ്ച.
പാളമേടുകാരൻ മുനിയാണ്ടിരാജയുടെ ലക്ഷ്മി പശുവും അമ്പല കാളയായ മഞ്ചമാലൈയും തമ്മിലുള്ള വിശുദ്ധ പ്രണയകഥയാണ് ഇപ്പോൾ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറൽ. ക്ഷീരകർഷകനായ മുനിയാണ്ടിരാജയ്ക്ക് ഒട്ടേറെ പശുക്കളുണ്ട്. ഇവരെ പുല്ലുതീറ്റിക്കാൻ കൊണ്ട് പോകുന്നതാകട്ടെ തൊട്ടടുത്തുള്ള അമ്പലപ്പറമ്പിലും. ഇവിടെ വച്ചാണ് ലക്ഷ്മിയും അമ്പല കാളയായ മഞ്ചമാലൈയും കണ്ട് മുട്ടി പ്രണയബദ്ധരാകുന്നത്. കറവവറ്റിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ മുനിയാണ്ടി ലക്ഷ്മി പശുവിനെ വിറ്റു. ലക്ഷ്മിയെ ലോറിയിൽ കയറ്റിക്കൊണ്ട് പോകുന്നത് കണ്ട മഞ്ചമാലൈ പ്രിയപ്പെട്ടവൾക്കായി ഒരു കിലോമീറ്റർ ദൂരം വാഹനത്തിന് പിന്നാലെ ഓടി.
നാട്ടുകാരിൽ ആരോ ചിലർ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ തമിഴ്നാട് മുഖ്യമന്ത്രി പനീർസെൽവത്തിന്റെ മകൻ ഒ.ജയ്ദീപ്
ലക്ഷിയേയും മഞ്ചമാലൈയേയും ഒരുമിപ്പിക്കാൻ തീരുമാനിച്ചു. കച്ചവടക്കാരെ കണ്ടെത്തി വാങ്ങിയ പണം തിരികെ നൽകി ലക്ഷ്മിയെ മടക്കി വാങ്ങി മഞ്ചമാലൈയ്‌ക്കൊപ്പം ക്ഷേത്രത്തിൽ നടയ്‌ക്കിരുത്തി. ഇനി മുനിയാണ്ടിയെ പേടിക്കാതെ രാവും പകലും ഇരുവർക്കും ഒരുമിച്ച് അമ്പലപറമ്പിൽ പ്രണയിച്ച് നടക്കാം.