ന്യൂഡൽഹി: ചൈനാ അതിർത്തിയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി ലേ, ലഡാക് മേഖലകളിൽ നാളെ മുതൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തും. അതിനിടെ ഇന്ത്യാ-ചൈനാ സൈനിക കമാൻഡർമാർ ചൊവ്വാഴ്‌ച നടത്തിയ 15 മണിക്കൂർ കൂടിക്കാഴ്‌ചയിൽ സംഘർഷം കുറയ്‌ക്കാനുള്ള അടുത്തഘട്ട നടപടികൾക്ക് രൂപം നൽകിയതായി അറിയുന്നു.
കരസേനാ മേധാവി ജനറൽ എം.എം. നരവനെയ്‌ക്കൊപ്പമാകും രാജ്നാഥ് സിംഗ് സന്ദർശനം നടത്തുക. നേരത്തെ രാജ്നാഥ് ലേയിൽ സന്ദർശനം തീരുമാനിച്ചത് അവസാന നിമിഷം റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് വേണ്ടിയായിരുന്നു അത്.
പുലർച്ചെ വരെ ചർച്ച
അടുത്ത ഘട്ടം സൈനിക പിൻമാറ്റം ചർച്ച ചെയ്യാൻ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചുഷുലിലിൽ 14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് നയിച്ച ഇന്ത്യൻ സംഘവും സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘവും തമ്മിൽ ചൊവ്വാഴ്‌ച രാവിലെ തുടങ്ങിയ നാലാം ഘട്ട കൂടിക്കാഴ്‌ച പൂർത്തിയായത് ഇന്നലെ പുലർച്ചെ രണ്ടിനാണ്.
ചൈന കടുംപിടുത്തം തുടരുന്ന പാംഗോംഗ് തടാകക്കരയിലെയും ഡെപസാംഗ് മേഖലയിലെയും തത്‌സ്ഥിതി തുടരേണ്ടതുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ചൈനയുടെ വൻ സൈനിക വിന്യാസമുള്ള മേഖലകളാണിവ. തർക്കം നിലനിൽക്കുന്ന മേഖലകളിൽ ഘട്ടം ഘട്ടമായി സൈനിക വിന്യാസം കുറയ്‌ക്കുന്നതിനുള്ള നടപടികളാണ് ഇരു വിഭാഗവും ചർച്ച ചെയ്‌തത്. ഇതിനായി ആശയ വിനിമയം തുടരാനും ധാരണയായി.
അതിർത്തിയിൽ ഗാൽവൻ താഴ‌്‌വര, ഹോട്ട്സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിൽ ഇരുപക്ഷവും സൈന്യത്തെ രണ്ടുകിലോമീറ്റർ പിൻവലിച്ചിരുന്നു.
കമാൻഡർമാർ ജൂൺ 30ന് നടന്ന 12മണിക്കൂർ കൂടിക്കാഴ്‌ചയിലാണ് സൈന്യത്തെ പിൻവലിച്ച് നിയന്ത്രണ രേഖയ്‌ക്ക് ഇരുവശത്തും ബഫർസോണുകൾ രൂപീകരിക്കാൻ തീരുമാനിച്ചത്. സംഘർഷം പരിഹരിക്കാൻ ഇരുവരും ഇതുവരെ നാലു തവണ കണ്ടു. ഇതിൽ ഏറ്റവും ദൈർഘ്യമേറിയ കൂടിക്കാഴ‌്ചയാണ് ചൊവ്വാഴ്‌ച നടന്നത്.
അന്താരാഷ്‌ട്ര വേദിയിൽ ഉന്നയിച്ച് ഇന്ത്യ
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അതിർത്തിയിലെ സംഭവ വികാസങ്ങളും സംബന്ധിച്ച് ഇന്ത്യാ-യൂറോപ്യൻ യൂണിയൻ 15-ാം ഉച്ചകോടിയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ പരാമർശമുണ്ടായെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് അറിയിച്ചു.