ന്യൂഡൽഹി: പെട്രോൾ പമ്പിൽ കാനിൽ പെട്രോൾ നൽകാതിരുന്നതിന്റെ പേരിൽ സ്ത്രീക്ക് നേരെ ജീവനുള്ള പാമ്പിനെ എറിഞ്ഞു. കാനിൽ പെട്രോൾ നൽകാൻ തയ്യാറാവാതിരുന്നതിൽ കുപിതനായ പാമ്പ് പിടിത്തക്കാരനാണ് പാമ്പിനെ എറിഞ്ഞത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ വൈറലായി.
മുംബയ് മൽക്കാപൂർ റോഡിലെ ചൗധരി പെട്രോൾ സ്‌റ്റേഷനിൽ തിങ്കളാഴ്ചയാണ് സംഭവം. കാനിൽ പെട്രോൾ വേണമെന്ന് പാമ്പ് പിടിത്തക്കാരൻ ആവശ്യപ്പെട്ടു. നിലവിലെ നിയമം അനുസരിച്ച് കാനിൽ പെട്രോൾ നൽകാൻ അനുമതിയില്ലാത്തതിനാൽ ഈ ആവശ്യം നിരസിച്ചു. തുടർന്ന് പ്രകോപിതനായ പാമ്പ് പിടിത്തക്കാരൻ ജീവനക്കാരി ഇരുന്ന കാബിനിലേക്ക് ജീവനുളള പാമ്പിനെ എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ജാറിൽ നിന്ന് പാമ്പിനെ പുറത്ത് എടുത്ത് എറിയുന്നതും കാബിനിൽ വീണ പാമ്പ് ഇഴഞ്ഞു പോകുന്നതും പാമ്പ് പിടിത്തക്കാരൻ ഓടി മറയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.