ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ന്യൂമോണിയാ രോഗത്തിനെതിരെ പ്രതിരോധ ശക്തി നൽകുന്ന വാക്‌സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നൽകി. ന്യൂമോണിയയ്‌ക്കെതിരെ ഇന്ത്യയിൽ വികസിപ്പിച്ച ആദ്യ വാക്‌സിനാണിത്. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ന്യൂമോ കോക്കൽ പോളി സാക്കറൈഡ് കോഞ്ചുഗേറ്റ് വാക്‌സിനാണ് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാൻ അംഗീകാരം ലഭിച്ചത്. നിലവിൽ വിദേശ വാക്‌സിനുകൾ ഇന്ത്യയിൽ ലൈസൻസ് പ്രകാരം നിർമ്മിക്കുകയാണ് ചെയ്യുന്നത്.
മൂന്നു ഘട്ട ക്ളിനിക്കൽ ട്രയലുകൾ പൂർത്തിയായതിനെ തുടർന്നാണ് വാക്‌സിന് ഡി.സി.ജി.ഐയുടെ അംഗീകാരം ലഭിച്ചത്. ഇന്ത്യയ്‌ക്ക് പുറമെ ഗാംബിയ എന്ന രാജ്യത്തും ട്രയൽ നടത്തിയിരുന്നു.