mo

ന്യൂഡൽഹി: കൊവിഡ് മഹാമാരി സൃഷ്‌ടിച്ച വെല്ലുവിളികൾ ജനാധിപത്യ രാജ്യങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 15-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യൂറോപ്യൻ യൂണിയനും ജനാധിപത്യം, ബഹുസ്വരത, പരസ്‌പരം ഉൾക്കൊള്ളൽ, അന്താരാഷ്‌ട്ര സ്ഥാപനങ്ങളോടുള്ള ബഹുമാനം, സ്വാതന്ത്ര്യം, സുതാര്യത തുടങ്ങിയ ഗുണങ്ങൾ പങ്കിടുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിരോധത്തിന് യൂറോപ്യൻ യൂണിയൻ നടപടികളുമായി ഇന്ത്യൻ കമ്പനികൾ സഹകരിക്കുന്നുണ്ട്. സമ്പത്തും പുരോഗതിയും വെല്ലുവിളി നേരിടുമ്പോൾ പൗരൻമാരെ സഹായിക്കാൻ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സാമ്പത്തിക സഹകരണത്തിന് കഴിയും. മാനുഷികമായ സാമ്പത്തിക പുന:ക്രമീകരണമാണ് വേണ്ടത്. ലോകത്ത് സമാധാനം പുലരാനും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണത്തിന് നിർണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.