r

ന്യൂഡൽഹി: അതിർത്തിയിൽ സൈനികപിൻമാറ്റം തുടരാനും പ്രകോപനം ഒഴിവാക്കാനും ഇന്നലെ ചുഷൂലിൽ ഇന്ത്യ-ചൈന കമാൻഡർമാരുടെ 15 മണിക്കൂർ മാരത്തോൺ കൂടിക്കാഴ്‌ചയിൽ ധാരണയായെന്ന് കരസേന അറിയിച്ചു. സങ്കീർണമായ നടപടിക്രമങ്ങൾ ഇരുപക്ഷവും പരസ്‌പര വിശ്വാസത്തോടെ നടപ്പാക്കാനും തീരുമാനിച്ചെന്ന് സേനാ വക്താവ് കേണൽ അമൻ ആനന്ദ് പറഞ്ഞു. അതേസമയം പാംഗോംഗ്, ഡെപസാംഗ് മേഖലകളിൽ സൈനിക പിൻമാറ്റമുണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം,​ അതിർത്തിയിലെ സ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രിരാജ്നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ അതിർത്തിയിലെ മുൻ നിര പോസ്‌റ്റുകളിൽ അടക്കം മന്ത്രി പോകുമെന്നറിയുന്നു. കരസേനാ മേധാവി എം.എം. നരാവനെയും രാജ്നാഥിനെ അനുഗമിക്കും.

ഗാൽവൻ, ഹോട്ട്‌സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിലെ ഒന്നാംഘട്ട സൈനിക പിൻമാറ്റം വിശകലനം ചെയ്‌ത ശേഷമാണ് ഭാവി നടപടികൾ ഇന്നലെ ചർച്ചയായത്. പാംഗോംഗ് തടാകം, ഡെപസാംഗ് മേഖലകളിലെ സൈനിക സാന്നിദ്ധ്യം പൂർണമായി ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന പൂർണമായി അംഗീകരിച്ചില്ലെന്ന് അറിയുന്നു. നിയന്ത്രണ രേഖയുടെ തൽസ്ഥിതി നിലനിറുത്തണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു.

സൈനിക പിൻമാറ്റം സങ്കീർണമായ നടപടിക്രമമാണെന്നും പരസ്‌പര വിശ്വാസത്തോടെയാണ് നടപ്പാക്കേണ്ടതെന്നും സൈനിക വക്താവ് പറഞ്ഞു. നയതന്ത്ര, സൈനിക ചർച്ചകളിലൂടെ ആശയവിനിമയം തുടരേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ശരിവച്ചു. ജൂലായ് അഞ്ചിന് പ്രത്യേക പ്രതിനിധികളുടെ ചർച്ചയിലുണ്ടായ ധാരണകൾ അടിസ്ഥാനമാക്കി മുന്നോട്ടു നീങ്ങും. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചുഷൂലിലിൽ 14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് നയിച്ച ഇന്ത്യൻ സംഘവും സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘവും തമ്മിൽ നടന്ന കൂടിക്കാഴ്‌ച പുലർച്ചെ രണ്ടുമണി വരെ നീണ്ടിരുന്നു.