ന്യൂഡൽഹി: കൊവിഡ് സ്ഥിതി രൂക്ഷമായ ആന്ധ്രയിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെ 15 പൂജാരിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് കീഴിലെ 50 പൂജാരിമാരിൽ 25 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതുവരെ ടി.ടി.ഡി ദേവസ്വത്തിലെ 91 സ്റ്റാഫംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ ക്ഷേത്ര ദർശനം താത്കാലികമായി നിറുത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രത്തിൽ അടിയന്തര യോഗം വിളിച്ചു. ലോക്ഡൗണിനെ തുടർന്ന് 80 ദിവസത്തോളം അടച്ചിട്ടിരുന്ന തിരുപ്പതി ക്ഷേത്രം ജൂൺ 11നാണ് തുറന്നത്.