ന്യൂഡൽഹി: ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും പക്ഷികളെയും മൃഗങ്ങളെയും ബലി നൽകുന്നതു തടയുന്നത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി കേരളത്തിന്റെ വിശദീകരണം തേടി. ബലി മതപരമായ അനിവാര്യതയാണെന്നും ക്ഷേത്രങ്ങളിലെ ബലി തടയുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നുമാരോപിച്ച് മലയാളിയായ പി.ഇ. ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് കേരളത്തിന് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സമാന ആവശ്യം ഉന്നയിച്ചെത്തിയ ഹർജി കേരള ഹൈക്കോടതി കഴിഞ്ഞ 16ന് തള്ളിയതിനു പിന്നാലെയാണ് ആവശ്യവുമായി സുപ്രീം കോടതിയിൽ എത്തിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി 1960 ൽ കൊണ്ടുവന്ന നിയമത്തിൽ കേന്ദ്ര സർക്കാർ പിന്നീടു ഭേദഗതി വരുത്തിയെന്നും ഇതനുസരിച്ച് മതപരമായ ചടങ്ങുകൾക്ക് ബലി അനുവദനീയമാണെന്നും ഹർജിയിൽ പറയുന്നു.