ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി മൂന്നു കിലോയുടെ കഷായക്കിറ്റ് വീടുകളിലെത്തിക്കാൻ കർണാടക മാംഗോ ഡെവലപ്മെന്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ. കുരുമുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങി കഷായം വച്ച് കുടിക്കാനുള്ള എട്ട് സാധനങ്ങളാണ് കിറ്റിലുള്ളത്. വില 600 രൂപ.
പാക്കറ്റിൽ മരുന്നുണ്ടാക്കേണ്ടതെങ്ങനെയെന്ന് വിശദീകരിച്ചിട്ടുണ്ടാകും. കെ.എസ്.എം.ഡി.എം.സിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി ഓർഡർ ചെയ്യാം. അടുത്തയാഴ്ച മുതൽ ഓൺലൈൻ ഡെലിവറി ആരംഭിക്കും. സംസ്ഥാനത്തെ സുഗന്ധവിള കർഷകർക്ക് പദ്ധതി സഹായകമാകുമെന്ന് കെ.എസ്.എം.ഡി.എം.സി ഡയറക്ടർ സി.ജി നാഗരാജ് പറഞ്ഞു.