co

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 25,000 കടന്നു. ആകെ രോഗികളുടെ എണ്ണം പത്തുലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം. ഇവിടെ മരണം 11,000 കടന്നു. ഡൽഹിയിൽ 3500, തമിഴ്‌നാട്ടിലും ഗുജറാത്തിലും രണ്ടായിരവും മരണം റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുതിപ്പാണുണ്ടായത്. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 32,000 കടന്നു. കേന്ദ്രആരോഗ്യമന്ത്രായലത്തിന്റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 32,695 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 30,000 കടക്കുന്നത്. 606 പേർക്ക് കൂടി ജീവൻ നഷ്ടമായി. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ആറു ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 63.25. നിലവിൽ 3,31,146 പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 കൊവിഡ് മരണം

ലോക്ക്ഡൗണിന് മുമ്പ് -10 മരണം

ലോക്ക്ഡൗൺ 1
മാർച്ച് 25 - ഏപ്രിൽ 14 - 383

ലോക്ക്ഡൗൺ 2
ഏപ്രിൽ 15 - മേയ് 3 - 998

 ലോക്ക്ഡൗൺ 3
മേയ് 4 -17 -1,634

ലോക്ക്ഡൗൺ 4
മേയ് 18-31 -2,383

ലോക്ക്ഡൗൺ 5
ജൂൺ1- ജൂൺ7 - 1,799

അൺലോക്ക്
ജൂൺ 8 മുതൽ ജൂലായ് 15വരെ -17,207

 ദൈവത്തിനെ രക്ഷിക്കാനാകൂ- ക‌ർണാടക ആരോഗ്യമന്ത്രി

കർണാടകയിൽ കൊവിഡ് കേസുകൾ അരലക്ഷത്തിലേക്ക് അടുക്കവെ, ലോകത്ത് എല്ലായിടത്തും കൊവിഡ് വർദ്ധിക്കുകയാണെന്നും ദൈവത്തിന് മാത്രമേ രക്ഷിക്കാനാവൂവെന്നും കർണാടക ആരോഗ്യമന്ത്രി ബി.ശ്രീരാമലു പറഞ്ഞത് വിവാദമായി. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ശക്തമാക്കിയതോടെ, താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മന്ത്രി വിശദീകരിച്ചു.

 ഒഡിഷയിൽ 494 പുതിയ രോഗികളും 2 മരണവും.
 ആന്ധ്രാപ്രദേശിൽ 2,593 പേർക്ക് കൂടി രോഗബാധയുണ്ടായതോടെ ആകെ കേസുകൾ 38,000 കടന്നു. 40 പേർ കൂടി സംസ്ഥാനത്ത് മരിച്ചു.
 ബിഹാറിൽ 1385 പുതിയ രോഗികൾ.

ഉത്തർപ്രദേശിൽ പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർദ്ധന. 2061 പുതിയരോഗികൾ. 34 മരണം

 പാട്ന മെഡിക്കൽ കോളേജിലെ കൊവിഡ് ക്വാറന്റൈൻ സെന്ററിൽ 15 കാരിയെ പീഡിപ്പിച്ചതായി പരാതി. 40കാരനായ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.