ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ 4 ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന സുപ്രീംകോടതി വിധി കേന്ദ്ര സർക്കാർ നടപ്പാക്കിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സമിതി രൂപീകരിച്ചില്ലെന്നാരോപിച്ച് ഫൗണ്ടേഷൻ ഒഫ് മീഡിയ പ്രൊഫഷണൽസ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് വിശദീകരണം. ജസ്റ്റിസ് എൻ.വി.രമണ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച രേഖകളും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ ഹാജരാക്കി. എന്തുകൊണ്ട് രേഖകൾ പ്രസിദ്ധപ്പെടുത്തിയില്ലെന്ന് ജസ്റ്റിസ് രമണ ആരാഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ കാശ്‌മീരിൽ 2ജി പര്യാപ്തമല്ലെന്നും 4ജി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രീഡം ഫോർ മീഡിയ പ്രൊഫഷണൽസ് ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ ജമ്മുകാശ്മീർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഉന്നതാധികാര സമിതി രൂപീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. സമിതി റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമാകും കേസിൽ തുടർ നടപടിയുണ്ടാവുകയെന്നായിരുന്നു വിധി.