ന്യൂഡൽഹി / ജയ്‌പൂർ: രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനുള്ള വിപ്പ് ലംഘിച്ചതിനും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിന്നെന്ന് ആരോപിച്ചും സ്‌പീക്കർ സി.പി. ജോഷി നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത് സച്ചിൻ പൈലറ്റും 18 വിമത എം.എൽ.എമാരും ഹൈക്കോടതിയെ സമീപിച്ചു. ചീഫ് ജസ്‌റ്റിസ് ഇന്ദ്രജിത്ത് മൊഹന്തി അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ഒരുമണിക്ക് കേസ് പരിഗണിക്കും. സ്‌പീക്കർ നൽകിയ നോട്ടീസിന് മറുപടി നൽകാനുള്ള അവസാന ദിവസമാണിന്ന്. ഹൈക്കോടതിയിൽ നിന്ന് ഉടൻ തീർപ്പുണ്ടായില്ലെങ്കിൽ സച്ചിൻ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അറിവ്.
സ്‌പീക്കറുടെ നോട്ടീസ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മുഖേനെ നൽകിയ ഹർജിയിൽ സച്ചിൻ പൈലറ്റിന്റെ ആവശ്യം. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി അയോഗ്യത കൽപ്പിക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു. ജനപ്രാതിനിധ്യ വകുപ്പ് പ്രകാരമുള്ള ചില വിവരങ്ങൾ ചേർത്ത് ഹർജി പരിഷ്‌കരിക്കാൻ അനുമതി തേടിയതിനെ തുടർന്ന് കേസ് ആദ്യം ഇന്നത്തേക്ക് മാറ്റിയിരുന്നു. എന്നാൽ അഞ്ചുമണിക്ക് കേസ് എടുത്ത കോടതി വാദം കേൾക്കാൻ ചീഫ് ജസ്‌റ്റിസ് ഇന്ദ്രജിത്ത് മൊഹന്തി അദ്ധ്യക്ഷനായ ബെഞ്ചിന് കൈമാറി. തുടർന്ന് രാത്രി 7.45ന് കേസ് പരിഗണിച്ച ബെഞ്ച് ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയിലേക്ക് മാറ്റുകയായിരുന്നു. കോൺഗ്രസ് വക്താവും രാജ്യസഭാംഗവുമായ പ്രമുഖ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയാണ് സ്‌പീക്കർ ജോഷിക്ക് വേണ്ടി ഹാജരായത്.
സച്ചിനെതിരെ പരാതി
എം.എൽ.എമാരെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് സച്ചിനൊപ്പമുള്ള മൂന്ന് എം.എൽ.എമാരുടെ കുടുംബങ്ങൾ പൊലീസിൽ പരാതി നൽകി. ഗെലോട്ടിനെതിരെ കോടതിയിലും പൊരുതാനുറച്ച സച്ചിനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡിന്റെ ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ പ്രിയങ്കയുടെ ദൂതുമായി അഹമ്മദ് പട്ടേലും കെ.സി. വേണുഗോപാലും സച്ചിനെ ബന്ധപ്പെട്ടിരുന്നു.
വസുന്ധര രാജ കോൺഗ്രസിനെ സഹായിക്കുന്നുവെന്ന് ആരോപണം
അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീഴാതിരിക്കാൻ മുൻ മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധരെ രാജ സിന്ധ്യ സഹായിക്കുന്നുവെന്ന് ആരോപണം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ എം.പി ഹനുമാൻ ബേനിവാളിന്റേതാണ് ആരോപണം. വസുന്ധരെ ജാട്ട് സമുദായത്തിലുള്ള കോൺഗ്രസ് എം.എൽ.എമാരെ നേരിട്ട് വിളിച്ച് ഗെലോട്ടിന് പിന്തുണ നൽകണമെന്നും സച്ചിനൊപ്പം പോകരുതെന്നും ആവശ്യപ്പെട്ടെന്നും ഇതിന് തന്റെ കൈയിൽ തെളിവുണ്ടെന്നും ബേനിവാൾ പറഞ്ഞു. വസുന്ധരെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2018ൽ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിട്ടയാളാണ് ബേനിവാൾ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയ ഇത് തള്ളിക്കളഞ്ഞു.