ന്യൂഡൽഹി: എട്ടുവർഷത്തെ കഠിനാദ്ധ്വാനം, 260 കോടി മുതൽ മുടക്ക്. ഒടുവിൽ കഴിഞ്ഞ ജൂണിൽ നാട്ടുകാരുടെ സ്വപ്നം യാഥാർത്ഥ്യമായി. പാട്നയിൽ നിന്ന് 150 കിലോമീറ്റർ അകലെ ഗോപാൽഗഞ്ചിൽ ഗന്ധക് നദിക്ക് കുറുകെ ഉഗ്രനൊരു പാലം വന്നു. സത്താർഘടട് പാലം. പക്ഷെ, ഉദ്ഘാടനം കഴിഞ്ഞ് 29-ാം ദിവസം കനത്ത മഴയിൽ പാലം തകർന്ന് നദിയിൽ വീണ് ഒലിച്ചു പോയി.
പാലം ബന്ധിപ്പിച്ചിരുന്ന റോഡിന് വെള്ളത്തിന്റെ ഒഴുക്ക് താങ്ങാൻ കഴിയാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് അധികൃതർ പറയുന്നു. പാലത്തിന്റെ ഒരുഭാഗം തകർന്നുവീണതിനെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറായി ബിഹാറിൽ കനത്ത മഴയാണ്.
ജൂൺ 16നാണ് 1.4 കിലോമീറ്റർ ദൂരമുള്ള സത്തർഘട്ട് പാലം മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തത്.
എട്ടുവർഷം മുമ്പ് നിർമാണം ആരംഭിച്ച പാലത്തിന്റെ പണി ഈ വർഷം പൂർത്തിയാക്കുകയായിരുന്നു.
ഇത്രയും വലിയ തുക മുടക്കി നിർമിച്ച പാലം പൊളിഞ്ഞുവീണതിന് പിന്നിൽ അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സത്താർഘട്ട് പാലം
നീളം - 1.4 കിലോമീറ്റർ
ചെലവ്- 263 കോടി
ഉദ്ഘാടനം ജൂൺ 16
ആയുസ് 29 ദിവസം
എട്ടുവർഷം കൊണ്ട് നിർമിച്ച പാലത്തിന് 29 ദിവസം മാത്രമായിരുന്നു ആയുസ്. നിതീഷ് കുമാർ സർക്കാരിന്റെ അഴിമതിയാണ് പുറത്തായത്. ബിഹാർ മുഴുവൻ കൊള്ളയടിക്കുകയാണവർ.
- ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്