ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. പ്രതിദിന കേസുകൾ തുടർച്ചയായ രണ്ടാംദിവസവും 32,000 കടന്നു. വെറും മൂന്നുദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ നിന്ന് 10 ലക്ഷമെത്തിയത്. ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം 117 ദിവസമെടുത്താണ് രോഗികൾ ഒരു ലക്ഷമെത്തിയത്. പിന്നീട് അഞ്ചുലക്ഷമെത്താൻ 39 ദിവസമെടുത്തു. എന്നാൽ അഞ്ചുലക്ഷത്തിൽ നിന്ന് 10 ലക്ഷമെത്താൻ 20 ദിവസം മാത്രമാണെടുത്തത്. മൂന്നുദിവസം കൂടുമ്പോൾ ഒരു ലക്ഷം പുതിയ രോഗികൾ എന്ന നിലയിൽ രാജ്യത്തെ കൊവിഡ് സ്ഥിതി അതിതീവ്രമാകുകയാണ്. നിലവിൽ ആഗോളപട്ടികയിൽ മൂന്നാമതും മരണങ്ങളിൽ എട്ടാമതുമാണ് ഇന്ത്യ.
മഹാരാഷ്ട്രയിൽ ഇന്നലെ 8641 പുതിയ രോഗികളും 266 മരണവും.
തമിഴ്‌നാട്ടിൽ 4549 പുതിയ കേസുകളും 69 മരണവും.
കർണാടകയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻകുതിപ്പ്. ഇന്നലെ 4169 പുതിയ രോഗികളും 104 മരണവും. ആകെ കേസുകൾ അരലക്ഷം കടന്നു. മരണം ആയിരവും പിന്നിട്ടു.
ഗുജറാത്തിലും ഉയർന്ന പ്രതിദിന കണക്ക്. ഇന്നലെ 919 രോഗികൾ. 10 മരണവും.
ഡൽഹിയിൽ 1652 പുതിയ രോഗികളും 58 മരണവും. ആകെ രോഗികൾ 1.18 ലക്ഷം. മരണം 3,545.
പ്രതിദിന രോഗികൾ 32,000
കാൽലക്ഷം കടന്ന് മരണം
രാജ്യത്തെ കൊവിഡ് മരണം 25,000 കടന്നു.. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം. ഇവിടെ മരണം 11,000 കടന്നു. ഡൽഹിയിൽ 3500, തമിഴ്നാട്ടിലും ഗുജറാത്തിലും രണ്ടായിരവും മരണം റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുതിപ്പാണുണ്ടായത്. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 32,000 കടന്നു. കേന്ദ്രആരോഗ്യമന്ത്രായലത്തിന്റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 32,695 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 30,000 കടക്കുന്നത്. 606 പേർക്ക് കൂടി ജീവൻ നഷ്ടമായി. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ആറു ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 63.25. നിലവിൽ 3,31,146 പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി