rajnath

ന്യൂഡൽഹി: അതിർത്തി സംഘർഷത്തിൽ ചൈനയുമായി ചർച്ച പുരോഗമിക്കുകയാണെന്നും പക്ഷേ, പരിഹാരമുണ്ടാകുമെന്ന് ഒരു ഗാരന്റിയുമില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. എന്നാൽ രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും കൈവശപ്പെടുത്താമെന്ന് ലോകത്തെ ഒരു ശക്തിയും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഡാക്ക് അതിർത്തിയിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അതിർത്തിയിൽ മൂന്ന് മേഖലകളിൽ സൈനിക പിന്മാറ്റം നടക്കുകയും കൂടുതൽ സമാധാന നടപടികൾക്കായി ചർച്ച തുടരുകയും ചെയ്യുന്നതിനിടെയാണ് ചൈനയെ വിശ്വസിക്കാനാവില്ലെന്ന രാജ്നാഥ് സിംഗിന്റെ പരോക്ഷമായ സൂചന.

'അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ എത്രത്തോളം പരിഹാരമുണ്ടാകുമെന്ന് ഗാരന്റിയില്ല. പരിഹാരമുണ്ടായാൽ അതിനെക്കാൾ വലുതായി മറ്റൊന്നുമില്ല. പക്ഷേ, ഒരുകാര്യം ഉറപ്പു നൽകുന്നു. ലോകത്തെ ഒരു ശക്തിക്കും നമ്മുടെ രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും കൈവശപ്പെടുത്താനാകില്ല. മറ്റൊരു രാജ്യത്തിന്റെയും ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാൻ നാം ശ്രമിക്കാറില്ല. എന്നാൽ നമ്മുടെ ആത്മാഭിമാനത്തെ അവഹേളിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ നാം സഹിക്കില്ല. അതിന് തക്ക മറുപടി നാം കൊടുക്കുകയും ചെയ്യും." - രാജ്നാഥ് സിംഗ് പറഞ്ഞു.

ജൂൺ 15ന് ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.

ലേയിലെ ലുക്കുംഗിൽ കരസേനയിലെയും ഇന്തോ-ടിബറ്റൻ അതിർത്തി സേനയിലെയും സൈനികരുമായി രാജ്നാഥ് സംസാരിക്കുകയും മധുരം പങ്കിടുകയും ചെയ്‌തു. ലേയിലെ സ്‌റ്റാക്‌നയിൽ ടി -90 ടാങ്കുകളും ബി.എം.പി ഇൻഫൻട്രി കവചിത വാഹനങ്ങളും പങ്കെടുത്ത സൈനിക അഭ്യാസവും അദ്ദേഹം വീക്ഷിച്ചു.

ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്തും കരസേനാ മേധാവി ജനറൽ എം.എം. നരവനെയും ഒപ്പമുണ്ടായിരുന്നു. ലേ, ലഡാക്, ജമ്മുകാശ്‌മീർ മേഖലകളിൽ രണ്ടു ദിവസത്തെ സന്ദർശമാണ് രാജ്നാഥ് സിംഗ് നടത്തുന്നത്.