ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ പാർട്ടിയുടെ സോഷ്യൽ മീഡിയ വകുപ്പ് ദേശീയ കോർഡിനേറ്ററായി നിയമിച്ചു. അനിൽ അടക്കം 11പേരാണ് ദേശീയ കോർഡിനേറ്റർമാരായുള്ളത്. ഇവരെ ഏകോപിപ്പിക്കാൻ വിപിൻ യാദവ്, എക്‌സിക്യൂട്ടീവ് അംഗംങ്ങളായി ഡോ.വിധേഷ്, മനീഷ് ഖണ്ഡൂരി എന്നിവരെയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചതായി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് അനിലിനെ കെ.പി.സി.സി ഡിജിറ്റൽ സെൽ കൺവീനറായി നിയോഗിച്ചിരുന്നു. ഡൽഹിയിൽ കൊവിഡ് പ്രതിസന്ധിയിലാക്കിയവരെ സഹായിക്കുന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് അനിൽ ഇപ്പോൾ.