രണ്ട് കോൺഗ്രസ് എം.എൽ.എമാരെ പുറത്താക്കി
ന്യൂഡൽഹി / ജയ്‌പൂർ: എം.എൽ.എമാരെ ചാക്കിട്ട് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തു. ഷെഖാവത്തിന്റെ നേതൃത്വത്തിൽ ബി.ജെ.പി ശ്രമിക്കുന്നതിന്റെ തെളിവെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ശബ്‌ദരേഖ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ രണ്ട് എം.എൽ.എമാരെ കോൺഗ്രസ് പുറത്താക്കി.
കേന്ദ്രമന്ത്രി ഷെഖാവത്തും വ്യവസായി സഞ്ജയ് ജെയിനും കോൺഗ്രസ് എം.എൽ.എ ധൻവർലാൽ ശർമ്മയുമായി നടത്തിയ സംഭാഷണം എന്ന് പറഞ്ഞ് രണ്ട് ശബ്ദരേഖകളാണ് പാർട്ടി വക്താവ് രൺദീപ്‌സിംഗ് സുർജെവാല പുറത്തുവിട്ടത്. ശബ്‌ദരേഖ പുറത്തു വന്നതിന് പിന്നാലെ കേന്ദ്രമന്ത്രിയെയും സഞ്ജയ് ജെയിനിനെയും ഉൾപ്പെടുത്തി രണ്ട് കേസുകൾ രാജസ്ഥാൻ പൊലീസ് രജിസ്റ്റർ ചെയ്‌തു. 30 എൽ.എ.എമാരുടെയെങ്കിലും പിന്തുണ വേണമെന്നും അവരെ എട്ടു ദിവസമെങ്കിലും ഗുഡ്‌ഗാവിലെ റിസോർട്ടിൽ താമസിപ്പിക്കണമെന്നും ശബ്ദരേഖയിൽ കേൾക്കാം.
ധൻവർലാൽ ശർമ്മയെയും മറ്റൊരു എം.എൽ.എയായ വിശ്വേന്ദ്ര സിൻഹയെയുമാണ് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഔദ്യോഗിക പദവി ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചാൽ മന്ത്രിയെ അറസ്റ്റു ചെയ്യണമെന്നും സുർജെവാല ആവശ്യപ്പെട്ടു.
കോൺഗ്രസ് എം.എൽ.എമാരുമായി താൻ സംസാരിച്ചിട്ടില്ലെന്നും ശബ്‌ദരേഖയിലേത് തന്റെ ശബ്‌ദമല്ലെന്നും ഷെഖാവത്ത് പറഞ്ഞു. ശബ്‌ദരേഖയിൽ പറയുന്ന പേരുകൾ തനിക്കറിയില്ല. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
തള്ളി ബി.ജെ.പി നേതൃത്വം
കോൺഗ്രസ് ആരോപണം തള്ളിയ ബി.ജെ.പി ദേശീയ നേതൃത്വം സഞ്ജയ് ജെയിനിന് പാർട്ടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. കോൺഗ്രസിലെ ആഭ്യന്തര കലാപം ബി.ജെ.പിയുടെ തോളിൽ കെട്ടിവയ്‌ക്കാനാണ് ശ്രമമെന്നും നേതാക്കൾ ആരോപിച്ചു.
ചിദംബരവുമായി സംസാരിച്ച് സച്ചിൻ
സ്‌പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ നിയമ പോരാട്ടം കനക്കുന്നതിനിടെ സച്ചിൻ പൈലറ്റ് കോൺഗ്രസിന്റെ ദേശീയ നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്ന് സൂചന. വ്യാഴാഴ്‌ച രാത്രി സച്ചിൻ തന്നെ വിളിച്ചതായി മുതിർന്ന നേതാവ് പി. ചിദംബരം സ്ഥിരീകരിച്ചു. സച്ചിനായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ഗെലോട്ടുമായുള്ള ഭിന്നത മറന്ന് തിരിച്ചു വരണമെന്നുമാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദൂതൻമാർ മുഖേനെ സച്ചിനെ അറിയിച്ചത്. സച്ചിനെതിരെ പരസ്യമായ ആക്രമണം വേണ്ടെന്ന് രാഹുൽ രാജസ്ഥാനിലെ നേതാക്കളോട് ആവശ്യപ്പെട്ടതായും അറിയുന്നു.