ന്യൂഡൽഹി / ജയ്‌പൂർ: മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട സച്ചിൻ പൈലറ്റിനും ഒപ്പമുള്ള 18 എം.എൽ.എമാർക്കുമെതിരെ അയോഗ്യതാ നടപടികളെടുക്കുന്നത് ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചുവരെ രാജസ്ഥാൻ ഹൈക്കോടതി വിലക്കി. പാർട്ടി വിരുദ്ധ നടപടികൾ ആരോപിച്ച് സച്ചിനും കൂട്ടർക്കും അയോഗ്യത കല്പിക്കാനുള്ള നോട്ടീസിന് ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് സ്‌പീക്കർ സി.പി. ജോഷി ആവശ്യപ്പെട്ടത്.
ഇതിനെതിരെ സച്ചിനും 18എം.എൽ.എമാരും നൽകിയ ഹർജി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഇന്ദ്രജിത് മൊഹന്തി, ജസ്‌റ്റിസ് പ്രകാശ് ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. സ്‌പീക്കറുടെ നോട്ടീസ് പക്ഷപാതപരമാണെന്നും നിയമസഭയുടെ പുറത്ത് ഒരു ഹോട്ടലിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ഇന്നലെ ഹർജിക്കാർക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷൻ ഹരീഷ് സാൽവെ വാദിച്ചു.
നേതൃത്വത്തിന്റെ കുറവുകൾ ചൂണ്ടിക്കാട്ടുന്നതും വിമർശിക്കുന്നതും ഒരു പാർട്ടിയുടെ ആഭ്യന്തര വിഷയമാണ്. അത് കൂറുമാറ്റ നിരോധനത്തിന്റെ ലംഘനമാകില്ല. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമനുസരിച്ച് അത് തെറ്റല്ല. രാജസ്ഥാൻ സർക്കാരിന്റെ ചില കുറവുകൾ ചൂണ്ടിക്കാട്ടുകയാണ് സച്ചിനും കൂട്ടരും ചെയ്‌ത്. നിയമസഭാ ചട്ടങ്ങൾ പ്രകാരം സ്‌പീക്കർ അയയ്‌ക്കുന്ന നോട്ടീസിന് മറുപടി നൽകാൻ ഏഴു ദിവസത്തെ സാവകാശം നൽകണം. എന്നാൽ ജൂലായ് 14ന് നൽകിയ നോട്ടീസിൽ രണ്ട് ദിവസത്തെ സാവകാശമേ നൽകിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സച്ചിന് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൾ റോഹ്‌തഗിയും ഇതേ വാദങ്ങൾ ആവർത്തിച്ചു.
അയോഗ്യതാ നോട്ടീസിനെതിരെ പരാതി നൽകേണ്ടത് സ്‌പീക്കർക്കാണെന്നും കോടതിയിൽ വന്നത് അപക്വമായ നടപടിയാണെന്നും സ്‌പീക്കർ സി.പി. ജോഷിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ മനു അഭിഷേക് സിംഗ്‌വി വാദിച്ചു. ഹർജി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് തന്ത്രം
സച്ചിനും 18 എം.എൽ.എമാരും അയോഗ്യരായാൽ സഭയിൽ ആകെ അംഗങ്ങൾ 181. കേവല ഭൂരിപക്ഷം 91. ഔദ്യോഗിക പക്ഷം 88, 2 സി.പി.എം, സ്വതന്ത്രർ എന്നിവരുടെ സഹായത്തോടെ ഭൂരിപക്ഷമുറപ്പിക്കാം. രണ്ടംഗങ്ങളുള്ള ബി.ടി.പി മുൻ നിലപാട് മാറ്റി സഹായിച്ചേക്കും. അയോഗ്യത നടപ്പായില്ലെങ്കിൽ 19 അംഗങ്ങളെ നഷ്‌ടമാകുകയും 200 അംഗ സഭയിൽ 101 എന്ന കേവല ഭൂരിപക്ഷം നേടാൻ ബുദ്ധിമുട്ടുകയും ചെയ്യും