ന്യൂഡൽഹി: കാൺപൂർ ഏറ്റുമുട്ടൽ കേസിലെ പ്രതിയും കൊടുംകുറ്റവാളിയുമായ വികാസ് ദുബെ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടൽ അല്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. വികാസ് ദുബെ പൊലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. സ്വയം പ്രതിരോധത്തിനായാണ് പൊലീസ് വെടിവച്ചതെന്നും സർക്കാരിന് വേണ്ടി ഡി.ജി.പി വ്യക്തമാക്കി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികളിലാണ് യു.പി സർക്കാർ നിലപാട് അറിയിച്ചത്. ബരോജോർ ടോൾ പ്ലാസയ്‌ക്ക് സമീപം ദുബെയുമായി എത്തിയപ്പോൾ മഴപെയ്തുവെന്നും അപ്പോൾ കന്നുകാലിക്കൂട്ടം റോഡിൽ നിരന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെ യാത്ര തടസപ്പെട്ടു. ഈ സമയം വാഹനത്തിൽ നിന്ന് പൊലീസിന്റെ തോക്ക് കൈക്കലാക്കി ദുബെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും. പൊലീസിന് നേരെ വെടി വച്ചെന്നും ഇത് തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായി ദുബെ കൊല്ലപ്പെട്ടതെന്നും സർക്കാർ പറയുന്നു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ പരാമർശിച്ചിരുന്നു.