ന്യൂഡൽഹി: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 61 രാജ്യസഭാ എം.പിമാരുടെ സത്യപ്രതിജ്ഞ 22ന് നടക്കും. പാർലമെന്റ് ചേരാത്ത സമയമായതിനാൽ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ ചേംബറിലായിരിക്കും ചടങ്ങ്. ആദ്യമായാണ് എം.പിമാർ ചേംബറിൽ കൂട്ടത്തോടെ സത്യപ്രതിജ്ഞ ചെയ്യുന്നത്. സാധാരണ പാർലമെന്റ് സമ്മേളന സമയത്ത് സഭയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവരാണ് ചേംബറിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
കൊവിഡ് മൂലം ശീതകാല സമ്മേളനം തുടങ്ങാൻ വൈകുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചേംബറിൽ നടത്താൻ തീരുമാനിച്ചത്. സമൂഹഅകലം പാലിക്കേണ്ടതിനാൽ എം.പിമാർക്കൊപ്പം ഒരു അതിഥിയെ മാത്രമേ അനുവദിക്കൂ. 22ന് എത്താൻ കഴിയാത്തവർക്ക് പിന്നീട് സഭ സമ്മേളിക്കുമ്പോൾ അവസരം നൽകും.