ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുകയറുന്നു. ഇതാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 35000 കടന്നു. വ്യാഴാഴ്ച 35468 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 680 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 10.35 ലക്ഷം കടന്നു. മരണസംഖ്യ 26000ത്തോടടുത്തു.
ഒരാഴ്ചത്തെ പ്രതിദിന രോഗികളും മരണവും
ജൂലായ് 10- 27762 - 520
ജൂലായ് 11- 27757 - 543
ജൂലായ് 12- 29106 - 500
ജൂലായ് 13- 28178 - 541
ജൂലായ് 14- 29917 - 587
ജൂലായ് 15- 32607 - 614
ജൂലായ് 16- 35,468 - 680
ക്വാറന്റീൻ കേന്ദ്രങ്ങളിൽ 31.6 ലക്ഷം പേർ
രാജ്യത്ത് 31.6 ലക്ഷം പേർ ക്വാറന്റീൻ സെന്ററുകളിൽ നിരീക്ഷണത്തിലുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ, 11 ലക്ഷം. മഹാരാഷ്ട്രയിൽ 7.27 ലക്ഷം, ഗുജറാത്തിൽ 3.25 ലക്ഷം, ഒഡിഷയിൽ 2.4 ലക്ഷം. കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാളിന്റെ നേതൃത്വത്തിൽ കേന്ദ്രസംഘം ബീഹാറിലെത്തി സ്ഥിതി വിലയിരുത്തി. ഉത്തരാഖണ്ഡിൽ ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ. ഒഡിഷയിലെ ഗങ്കം,കട്ടക്ക്,ഖുർധ, ജജ്പുർ ജില്ലകളിലും റൂർക്കേല മുൻസിപ്പിൽ മേഖലയിലും ജൂലായ് 31 വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.
♦ ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു.
♦ തമിഴ്നാട്ടിൽ 4538 പുതിയ രോഗികളും 79 മരണവും. കൊവിഡ് ബാധിച്ച തമിഴ്നാട് മന്ത്രി സെല്ലുർ രാജു രോഗമുക്തനായി.
♦ ഡൽഹിയിൽ ആകെ കേസുകൾ 1.20 ലക്ഷം.
♦ കർണാടകയിൽ 3693 പുതിയ രോഗികളും 115 മരണവും. രോഗബാധ കൂടുതലുള്ള ബംഗളുരുവിൽ ലോക് ഡൗൺ നീട്ടാൻ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ.
♦ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബംഗളുരു പൊലീസ് കമ്മിഷണർ ക്വാറന്റീനിൽ പോയി.
♦ യു.പിയിൽ 1733 പുതിയ കൊവിഡ് കേസുകൾ.
♦ അരുണാചലിൽ ഏഴ് ഐ.ടി.ബി.പി ജവാൻമാർക്ക് കൊവിഡ്
♦ പഞ്ചാബിൽ 31 ബി.എസ്.എഫ് ജവാൻമാർക്ക് കൊവിഡ്
♦ കണ്ടെയൻമെന്റ് സോണുകളിൽ നിരീക്ഷണത്തിനായി യു.പിയിൽ ഡ്രോണുകൾ
-
-