ന്യൂഡൽഹി: സംഘർഷ മേഖലകളിൽ നിന്ന് സൈന്യത്തെ രണ്ടു കിലോമീറ്റർ പിൻവലിച്ചെന്ന ചൈനയുടെ അവകാശവാദം നിയന്ത്രണ രേഖയിൽ നിന്നുള്ള അകലം പാലിക്കാതെയാണെന്ന് സൂചന. ഹോട്ട്സ്‌പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15ൽ ഇന്ത്യ അംഗീകരിച്ച നിയന്ത്രണ രേഖയിൽ നിന്ന് ഒന്നര കിലോമീറ്ററിനുള്ളിൽ ഇപ്പോഴും ചൈനീസ് സേനയുണ്ടെന്നാണ് വിവരം. സംഘർഷം തുടങ്ങിയ മേയിൽ പി.പി15ൽ ചൈനീസ് പട്ടാളം അഞ്ചു കിലോമീറ്ററോളം ഇന്ത്യൻ പ്രദേശത്തേക്ക് കടന്നിരുന്നു. ചർച്ചകളെ തുടർന്ന് ആദ്യം രണ്ടര കിലോമീറ്ററും പിന്നീട് ഒരു കിലോമീറ്ററും പിന്നോട്ടു പോയി. അതായത് ഒന്നര കിലോമീറ്റർ സ്ഥലത്ത് ഇപ്പോഴും കടന്നുകയറ്റം തുടരുന്നു. അതേസമയം ഇന്ത്യൻ സേന രണ്ടരകിലോമീറ്റർ പിൻവാങ്ങി. മോശം കാലാവസ്ഥ കാരണം സേനാ നീക്കം കൃത്യമായി തിട്ടപ്പെടുത്താനാവുന്നില്ല. ഇത് ചൈന മുതലെടുക്കുന്നു. ഇപ്പോൾ സൈന്യം പിൻവാങ്ങുന്നത് താത്ക്കാലികമാണെന്നും അത് പിന്നീട് അതിർത്തി നിർണയത്തിന് അടിസ്ഥാനമാക്കരുതെന്നും ധാരണയുള്ളതിനാൽ ചൈന അവകാശവാദമുന്നയിക്കില്ലെന്ന വിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും നടത്തിയ പ്രത്യേക പ്രതിനിധി ചർച്ചയിൽ കാര്യമായ ഫലമുണ്ടായെന്നാണ് വിലയിരുത്തൽ. വടക്കൻ ലഡാക് അതിർത്തിയിൽ ഇരുപക്ഷവും നേർക്കുനേർ നിന്ന സാഹചര്യം ഒഴിവായി. പി.പി 17ൽ ചൈനീസ് സൈനികരുടെ എണ്ണം 3000ൽ നിന്ന് 150ആയി കുറഞ്ഞു. ഇരുസൈന്യങ്ങൾക്കുമിടയിൽ അരകിലോമീറ്റർ അകലമുണ്ട്. പാംഗോഗ് തടാകക്കരയിലെ ഫിംഗർ നാലിൽ നിന്ന് ചൈനീസ് പട്ടാളം ഫിംഗർ അഞ്ചിലേക്ക് നീങ്ങിയെന്നും അറിയുന്നു. ഇവിടെ ഇന്ത്യൻ സൈന്യത്തെ ബേസ് ക്യാമ്പിനടുത്ത് ഫിംഗർ രണ്ടിലേക്ക് പിൻവലിച്ചു.