ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ ആറുവർഷത്തെ ഭരണത്തിന്റെ പിടിപ്പുകേടിന്റെ ഫലമായാണ് ചൈനീസ് പട്ടാളം അതിർത്തിയിൽ പ്രകോപനം സൃഷ്‌ടിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
2014 മുതലുള്ള വികലമായ നയങ്ങളും അബദ്ധങ്ങളും രാജ്യത്തെ ദുർബലമാക്കി. ഏത് സാഹചര്യത്തിലാണ് ചൈന അതിർത്തിയിൽ പ്രകോപനമുണ്ടാക്കാൻ മുതിർന്നത്. വിദേശ നയങ്ങളും സാമ്പത്തിക നയങ്ങളും ശക്തമായിരുന്നെങ്കിൽ അതുണ്ടാകില്ലായിരുന്നു. കഴിഞ്ഞ ആറുവർഷം ഈ മേഖലകളിൽ ഇന്ത്യ അസ്വസ്ഥമായിരുന്നു. റഷ്യ, യു.എസ് എന്നിവയുമായി നേരത്തെ ഇന്ത്യയ്‌ക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ടായിരുന്നു. ഇന്നുള്ളത് ഇടപാടുകൾക്കുള്ള ബന്ധം മാത്രം. നേരത്തെ ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്ര വേദികളിൽ ലഭിച്ച മേധാവിത്വമാണ് ഇല്ലാതായത്. നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ അയൽ രാജ്യങ്ങളുമായുള്ള നല്ല ബന്ധവും മോദി സർക്കാർ നശിപ്പിച്ചെന്നും രാഹുൽ ആരോപിച്ചു.