kashmir

ന്യൂഡൽഹി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാനി പെൺകുട്ടിയെ നേരിൽ കാണാൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അതിർത്തി കടക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശിയായ 20 വയസുള്ള കാമുകൻ അതിർത്തിയിൽ കുഴഞ്ഞുവീണു. ഇന്ത്യ - പാക് അതിർത്തിയിലാണ് ബോളിവുഡ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്.

മഹാരാഷ്ട്രയിലെ ഉസ്മാൻബാദ് സ്വദേശിയായ സിദ്ധിഖി മുഹമ്മദ് സിഷാൻ ഫേസ്ബുക്കിലൂടെയാണ് പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. എന്നാൽ ലോക്ക് ഡൗണും അതിർത്തി സംഘർഷങ്ങളും സിദ്ധിഖിയുടെ പ്രണയത്തിന് വിലങ്ങുതടിയായി. ഇതോടെ പ്രണയിനിയെ കാണാൻ പോകുന്നുവെന്ന് കത്തെഴുതി വച്ച് സിദ്ധിഖി വീട്ടിൽ നിന്ന് ബൈക്കിൽ പുറപ്പെട്ടു. വഴികാട്ടിയായി ഗൂഗിൾ മാപ്പ്.

റാൻ ഒഫ് കച്ചിലേക്ക് കടന്നപ്പോൾ ബൈക്ക് ഉപേക്ഷിച്ച് നടക്കാൻ തുടങ്ങി. എന്നാൽ അതിർത്തിയ്‌ക്ക് 1.5 കി.മി അകലെ വച്ച് ക്ഷീണിച്ച് തളർന്ന കാമുകൻ ബോധരഹിതനായി വീഴുകയായിരുന്നു. ബി.എസ്.എഫ്. ജവാന്മാരാണ് സിദ്ധിഖിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഒപ്പം 20കാരന്റെ ബാഗിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പൊലീസിൽ വിവരം അറിയിച്ചു.

ഇതിനിടെ സിദ്ധിഖിയുടെ മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അറിയിച്ചതിനെത്തുടർന്ന് സിദ്ധിഖിയെ മാതാപിതാക്കളെത്തി തിരികെ വീട്ടിലേക്ക് കൊണ്ട് പോയി.