ന്യൂഡൽഹി: ആഗോളതലത്തിൽ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയ്‌ക്ക് നിർണായക പങ്കാളിത്തമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2030ൽ നടപ്പാക്കേണ്ട വികസന പദ്ധതികളിൽ മറ്റ് രാജ്യങ്ങളുമായും ഇന്ത്യ സഹകരിക്കുന്നുണ്ടെന്നും ഐക്യരാഷ്‌ട്ര സഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തവെ പ്രധാനമന്ത്രി പറഞ്ഞു.
സബ് കാ സാത്ത് സബ് കാ വികാസ് എന്ന മുദ്രാവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന തന്റെ സർക്കാർ എല്ലാവരുടെയും വികസനവും വിശ്വാസവുമാണ് ആഗ്രഹിക്കുന്നത്. സാമ്പത്തിക സാമൂഹിക കൗൺസിൽ പ്രവർത്തനങ്ങളുമായി ഇന്ത്യ തുടക്കം മുതൽ സഹകരിക്കുന്നു. വിക്വസ്വര രാജ്യങ്ങളെ സഹായിക്കാനും ഇന്ത്യ മുൻപന്തിയിലുണ്ട്. കേന്ദ്ര സർക്കാരിന്റെ '2022ൽ എല്ലാവർക്കും വീട്", 'ആത്മനിർഭര ഭാരത് അഭിയാൻ" എന്നിവ വികസന പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ മൊത്തം ബാധിച്ച കൊവിഡിനെ ചെറുക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ അവസരങ്ങളാക്കി മാറ്റുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.