ന്യൂഡൽഹി: സുപ്രീംകോടതിയിൽ അന്നന്ന് പരിഗണിക്കേണ്ട കേസുകളുടെ പട്ടിക തയ്യാറാക്കുന്നതിൽ വിവേചനമെന്ന് ആരോപിച്ച് ഹർജി സമർപ്പിച്ച അഭിഭാഷകന് 100 രൂപ പിഴ ചുമത്തിയ സുപ്രീംകോടതി നടപടിക്കെതിരെ പ്രതിഷേധം. ഹർജിക്കാരനും അഭിഭാഷകനുമായ റീപക് കൻസാലിന് 100 രൂപ പിഴ ഒടുക്കാൻ 200 അൻപത് പൈസ നാണയങ്ങൾ ശേഖരിച്ച് നൽകിയാണ് സുപ്രീംകോടതി അഭിഭാഷകർ പിന്തുണ അറിയിച്ചത്.
റിപ്പബ്ലിക് ചാനൽ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടുള്ള കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന ഹർജി അടിയന്തര പ്രാധാന്യത്തോടെ ലിസ്റ്റ് ചെയ്ത രജിസ്ട്രി, ' ഒരു രാജ്യം ഒരു റേഷൻ കാർഡുമായി' ബന്ധപ്പെട്ട തന്റെ കേസ് ലിസ്റ്റ് ചെയ്യാൻ അമാന്തം കാണിക്കുന്നുവെന്ന പരാതിയാണ് റീപക് കൻസാലിന്റെ ഹർജി. ഈ രണ്ട് ഹർജികളും ഒരുപോലെയാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ചോദിച്ച കോടതി അഭിഭാഷകനെ വിമർശിച്ചിരുന്നു. ഒപ്പം ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ച് ഹർജിക്കാരനും അഭിഭാഷകനുമായ റീപക് കൻസാലിന് 100 രൂപ പിഴയും ചുമത്തി.