covaccine-

ന്യൂഡൽഹി: കൊവിഡിന് ഫലപ്രദമെന്ന് അവകാശപ്പെട്ട്, ഹൈദരാബാദ് കേന്ദ്രമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിൻ 'കൊവാക്സിൻ' ക്ലിനിക്കൽ പരീക്ഷണം തുടങ്ങി. റോത്തകിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലാണ് ക്ലിനിക്കൽ പരീക്ഷണം തുടങ്ങിയതെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് ട്വീറ്റ് ചെയ്തു.
കൊവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യമന്ത്രാലയവും അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതാദ്യമായാണ് കൊവിഡിന് തദ്ദേശീയമായി നിർമ്മിച്ച വാക്സിന് ക്ലിനിക്കൽ പരീക്ഷണ അനുമതി ലഭിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് മരുന്ന് നിർമ്മിച്ചത്.