raj

ന്യൂഡൽഹി: ജമ്മുകാശ്‌മീർ അതിർത്തിയിൽ പാക് സേന നിരന്തരം വെടിനിറുത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ നിതാന്ത ജാഗ്രത പാലിക്കാനും തക്ക മറുപടി നൽകാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിർദ്ദേശം നൽകി. ജമ്മുകാശ്‌മീരിലെ കുപ്‌‌വാര ജില്ലയിൽ കേരാൻ സെക്‌‌ടറിലെ അതിർത്തി പോസ്‌റ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. രണ്ടുദിവസത്തെ ലഡാക്‌-ജമ്മുകാശ്‌മീർ യാത്രയുടെ ഭാഗമായി അമർനാഥ് ഗുഹാക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു.

ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരാവനെ എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് പാകിസ്ഥാന്റെ പ്രകോപനങ്ങൾ രാജ്നാഥ് സിംഗ് വിലയിരുത്തിയത്. കേരാൻ സെക്‌ടറിലെ അതിർത്തി പോസ്‌റ്റിൽ ജവാൻമാരുമായി സംവദിച്ച രാജ്നാഥ് സിംഗ്,​ നെഞ്ചുറപ്പോടെ അതിർത്തി കാക്കുന്ന സൈനികർ രാജ്യത്തിന്റെ അഭിമാനമാണെന്ന് ചൂണ്ടിക്കാട്ടി. സൈനിക അഭ്യാസങ്ങളും ആയുധ പ്രദർശനവും വീക്ഷിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.