ന്യൂഡൽഹി: രാജസ്ഥാനിൽ 102 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗവർണർ കൽരാജ് മിശ്രയെ കണ്ടു. ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബി.ടി.പി) രണ്ട് അംഗങ്ങൾ ഗെലോട്ട് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട സച്ചിൻ പൈലറ്റും 18 വിമത എം.എൽ.എമാരും വിട്ടു നിന്നാലും ബി.ടി.പി, സി.പി.എം പാർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഗെലോട്ടിന്റെ അവകാശവാദം. ബി.ടി.പിയുടെ രാജ്‌കുമാർ, റോവാത്ത്, രാംപ്രസാദ് എന്നിവർ സർക്കാരിന് പിന്തുണ നൽകുമെന്ന് പി.സി.സി അദ്ധ്യക്ഷൻ ഗോവിന്ദ് ദൊതാസാരയുമൊത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ സർക്കാരിന് പിന്തുണ നൽകില്ലെന്ന് പ്രഖ്യാപിച്ച ബി.ടി.പിയുടെ നിലപാട് മാറ്റം ഗെലോട്ട് പക്ഷത്തിന് വലിയ ആശ്വാസമായി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സച്ചിൻ പൈലറ്റിനെയും 18 എം.എൽ.എമാരെയും അയോഗ്യരാക്കാനുള്ള നടപടി ചൊവ്വാഴ്‌ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു. കേസ് നാളെ രാവിലെ കോടതി വീണ്ടും പരിഗണിക്കും.
ഫോൺ ചോർത്തൽ സി.ബി.ഐ അന്വേഷിക്കണം: ബി.ജെ.പി
രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അടക്കം ഇടപെട്ടെന്ന് തെളിയിക്കാൻ കോൺഗ്രസ് പുറത്തുവിട്ട ടെലിഫോൺ ശബ്‌ദരേഖയും ഫോൺ ചോർത്തലും സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ശബ്‌ദരേഖയിൽ കോൺഗ്രസ് വിമത എം.എൽ.എമായുമായി സംസാരിച്ചെന്ന് ആരോപിക്കുന്ന ബി.ജെ.പി നേതാവും വ്യവസായിയുമായ സഞ്ജയ് ജെയിനെ പൊലീസ് അറസ്‌റ്റു ചെയ്‌തിരുന്നു. കേന്ദ്ര മന്ത്രി ഷെഖാവത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
ബി.ജെ.പി നേതാക്കളുടേതെന്ന് പറയുന്ന ശബ്‌ദ രേഖയുടെ ആധികാരികത തെളിയിക്കണമെന്ന് പാർട്ടി വക്താവ് സംബിത് പാത്ര പറഞ്ഞു. ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. ഇതിന്റെ മാർഗനിർദ്ദേശങ്ങൾ ഗെലോട്ട് സർക്കാർ പാലിച്ചോയെന്ന് വ്യക്തമായാലേ ശബ്‌ദരേഖ ആധികാരികമാണോ എന്നറിയാൻ കഴിയൂ. അല്ലെങ്കിൽ രാജസ്ഥാനിൽ വ്യക്തികളുടെ സ്വകാര്യത അപകടത്തിലാണെന്ന് പറയേണ്ടി വരും. ഇക്കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പങ്കു തെളിഞ്ഞു: കോൺഗ്രസ്
ടെലിഫോൺ ചോർത്തൽ അന്വേഷിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം ശരിവയ്‌ക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. രാജസ്ഥാനിൽ ജനാധിപത്യത്തെ കൊലചെയ്യാൻ ശ്രമിച്ചതായി അവർ തുറന്നു സമ്മതിച്ചെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി.
പൊലീസിനെ വെട്ടിച്ച് വിമതർ കടന്നു
സച്ചിൻ പൈലറ്റിനെ പിന്തുണയ്‌ക്കുന്ന എം.എൽ.എമാരെ ചോദ്യം ചെയ്യാനുള്ള രാജസ്ഥാൻ പൊലീസിന്റെ നീക്കം ഹരിയാന പൊലീസ് തടഞ്ഞു. എം.എൽ.എമാർ താമസിക്കുന്ന ഹരിയാനയിലെ മനേസർ ഹോട്ടലിന് മുന്നിൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാർ തമ്മിൽ വെള്ളിയാഴ്‌ച ഉന്തും തള്ളുമുണ്ടായി. രാത്രി രാജസ്ഥാൻ പൊലീസ് ഹോട്ടലിൽ കടന്നെങ്കിലും അവർ അന്വേഷിച്ചെത്തിയ എം.എം.എമാരെ കടത്തിയിരുന്നു.
ബി.ജെ.പിയുമായി ചേർന്ന് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘമാണ് മനേസറിലെത്തിയത്. അവരെ തടയാൻ ഹരിയാനയിലെ മനോഹർ ലാൽ ഖട്ടറിന്റെ ബി.ജെ.പി സർക്കാർ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്നും വിമത എം.എൽ.എമാരെ കർണാടകയിലേക്ക് കടത്തിയെന്നും കോൺഗ്രസ് പറയുന്നു.
ഗെലോട്ടിനെതിരെ മായാവതി
നേതാക്കളുടെ ഫോൺ ചോർത്തുന്ന ഗെലോട്ട് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. കൂറുമാറ്റ നിരോധന നിയമം ദുരുപയോഗം ചെയ്‌ത ആദ്യ സർക്കാരാണ് ഗെലോട്ടിന്റേത്. ബി.എസ്.പി രാജസ്ഥാൻ യൂണിറ്റിനെ ഇല്ലാതാക്കി ആറ് എം.എൽ.എമാരെ തങ്ങളുടെ പാളയത്തിൽ കൊണ്ടുവരാൻ നിയമത്തെ ദുരുപയോഗം ചെയ്‌ത ഗെലോട്ടാണ് ബി.ജെ.പിക്കെതിരെ ആരോപണമുന്നയിക്കുന്നത്.
ഒടുവിൽ വസുന്ധരെയും
രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ മൂലം ജനങ്ങളാണ് ബുദ്ധിമുട്ടുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെ സിന്ധ്യ പറഞ്ഞു. രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ച് നിശ്‌ബദത പാലിക്കുന്നത് വിമർശന വിധേയമായതിനെ തുടർന്നാണ് വസുന്ധരയുടെ പ്രതികരണം.