ന്യൂഡൽഹി: ദുബായ് കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയും കസ്‌റ്റംസും നടത്തുന്ന അന്വേഷണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി. പ്രതികളിൽ ചിലർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുണ്ടായിരുന്ന ബന്ധം പുറത്തുവന്നത് അടക്കമുള്ള വിവരങ്ങളും വിദേശകാര്യ മന്ത്രി വി.മുരളീധരനുമായി അദ്ദേഹം ചർച്ച നടത്തി.
സ്വർണക്കടത്ത് കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടക്കം മുതൽ അമിത് ഷാ നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. സ്വർണക്കടത്തും ഭീകരപ്രവർത്തനവുമായി ബന്ധുമുണ്ടെന്ന് സംശയമുയരുകയും വിപുലമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയയ്‌ക്കുകയും ചെയ്‌തയുടൻ എൻ.ഐ.എയെ ചുമതലപ്പെടുത്തിയത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ്.
സമഗ്രമായ അന്വേഷണത്തിന് ആവശ്യമെങ്കിൽ സി.ബി.ഐയെയും രംഗത്തിറക്കുന്നത് കേന്ദ്ര സർക്കാരിന്റെ ആലോചനയിലാണ്. അനിവാര്യമായ ഘട്ടങ്ങളിൽ വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് ഇറങ്ങുമെന്ന് വി. മുരളീധരൻ നേരത്തേ സൂചിപ്പിച്ചിരുന്നു.