ന്യൂഡൽഹി: നിർഭയകേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ചതടക്കമുള്ള നിർണായക വിധികൾ പുറപ്പെടുവിച്ച സുപ്രീംകോടതിയിലെ മുതിർന്ന വനിതാ ജഡ്ജ് ജസ്റ്റിസ് ആർ. ഭാനുമതി ഇന്ന് വിരമിക്കും. വെള്ളിയാഴ്ചയായിരുന്നു അവസാന പ്രവൃത്തി ദിവസം.
കോടതി നടപടികളിലെ കാലതാമസത്തിന്റെയും ഇഴയുന്ന നടപടിക്രമങ്ങളുടെയും ഇരയാണ് താനും കുടുംബവുമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ അവർ പറഞ്ഞു. തനിക്ക് രണ്ടു വയസുള്ളപ്പോൾ അച്ഛൻ ബസ് അപകടത്തിൽ മരിച്ചു. സങ്കീർണമായ നടപടിക്രമങ്ങളിൽ കുടുങ്ങി നഷ്ടപരിഹാരത്തുക ഇതുവരെയും ലഭിച്ചില്ലെന്നും ജസ്റ്റിസ് ഭാനുമതി പറഞ്ഞു. അതേസമയം നീതി ലഭ്യമാക്കുന്നതിനും സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജുഡിഷ്യറിയും ക്രിയാത്മക നടപടികളെടുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മികച്ച ജഡ്ജിനെയാണ് നഷ്ടമാകുന്നതെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു.
ശബരിമല ബെഞ്ച് പുനഃസംഘടിപ്പിക്കും
ശബരിമല കേസിൽ ഉൾപ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന 9 അംഗ വിശാല ബെഞ്ചിലെ ഏക വനിതാ ജഡ്ജാണ് ഭാനുമതി. അതിനാൽ ബെഞ്ച് പുനഃസംഘടിപ്പിക്കും.
ജെല്ലിക്കെട്ട് നിരോധിച്ച ജഡ്ജ്
തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിസ് ഭാനുമതി 1988ൽ ജില്ലാ ജഡ്ജിയായി.
2003ൽ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജ്.
2013ൽ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
2014 ആഗസ്റ്റിൽ സുപ്രീംകോടതി ജഡ്ജായി നിയമിതയായി.
2019 നവംബറിൽ സുപ്രീംകോടതി കൊളീജിയം അംഗം.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് ഭാനുമതിയാണ് തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയത്.
നിർഭയകേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ചതും വധശിക്ഷയ്‌ക്കെതിരെ പ്രതികൾ അവസാനനിമിഷം നൽകിയ ഹർജിയിൽ അർദ്ധരാത്രി വാദം കേട്ട് തള്ളിയതും ജസ്റ്റിസ് ഭാനുമതി ഉൾപ്പെട്ട ബെഞ്ചാണ്.